തൃക്കരിപ്പൂരില്‍ യു.ഡി.എഫ്.ബൂത്ത് ഏജന്റിനുമേല് സി.പി.എം.പ്രവര്‍ത്തകര്‍ നായക്കുരുണ പൊടിയിട്ട് മര്‍ദ്ദിച്ചു
തൃക്കരിപ്പൂർ: യു.ഡി.എഫ്.ബൂത്ത് ഏജന്റിന് മേൽ സി.പി.എം.പ്രവർത്തകർ നായിക്കുരുണ പൊടി വിതറി മർദ്ദിച്ചതായി പരാതി.തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പിലിക്കോട് വയൽ ഗവ.വെൽഫെയർ എൽ .പി .സ്കൂളിലെ 116 ബൂത്തിൽ ഏജൻറായിരുന്ന പി.കെ.വിനയകുമാറിനെ (55) ആണ് നായക്കുരുണ പൊടി വിതറി മർദ്ദിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ ബൂത്തിന് പുറത്ത് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. ചെറുവത്തൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടറായ വിനയകുമാർ സഹകരണ ജീവനക്കാരുടെ സംഘടനായ കെ.സി.ഇ.എഫിന്റെ സംസ്ഥാന ട്രഷറർ കൂടിയാണ്. മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന എം.രാജേഷാണ് ഷർട്ട് വലിച്ച് ശരീരത്തിൽ നായക്കുരുണ പൊടിയിട്ടതെന്ന് വിനയകുമാർ പറഞ്ഞു. മർദ്ദനമേറ്റ വിനയകുമാർ തൃക്കരിപ്പൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. യു.സി.എഫ്.സ്ഥാനാർത്ഥി എം.പി.ജോസഫ് ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞ് സ്കൂളിലെത്തിയിരുന്നു.