കാസറകോട് : നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ 738 ബൂത്തുകളിൽ സ്ഥാപിച്ച ലൈവ് വെബ്കാസ്റ്റിങ് 87 വെബ് വ്യൂയിങ് സംഘം മുഴുവൻ സമയവും വീക്ഷിച്ചു. കാസർകോട് സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ കൺട്രോൾ റൂമിൽ ജനറൽ ഒബ്സർവർ രഞ്ജൻ കുമാർ ദാസ്, പൊലീസ് ഒബ്സർവർ വാഹ്നി സിങ്, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് എന്നിവർ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികൾ തൽസമയം നിരീക്ഷിച്ച് നടപടികൾ സ്വീകരിച്ചു. രാവിലെ 5.30ന് മുതൽ സംഘം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വെബ് വ്യൂയിംഗ് സംഘത്തിന് നിർദേശം നൽകി 10 പേർ പോൾ മോണിറ്ററിങ് ചെയ്തു. രണ്ട് പേർ ഡെസിഗ്നേറ്റഡ് ഓഫീസർമാരായി ചുമതല വഹിച്ചു.
പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ ഇരിക്കുന്നതിന് നേരെ മുകളിൽ ആണ് ക്യാമറ സ്ഥാപിച്ചിരുന്നത്. വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ആളെ മാസ്ക് മാറ്റി ഫസ്റ്റ് പോളിങ് ഓഫീസർ തിരിച്ചറിയുന്നുണ്ടോയെന്ന് വെബ് വ്യൂയിങ്ങ് സംഘം പരിശോധിച്ചു. ഇതിൽ അപാകത ഉണ്ടായപ്പോൾ ഫസ്റ്റ് പോളിങ് ഓഫീസറുമായി തത്സമയം ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. ബൂത്തുകളിലുണ്ടായ പ്രശ്നങ്ങളിൽ തൽസമയം ഇടപെടാൻ വെബ് കാസ്റ്റിംഗ് മൂലം കഴിഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിയമയം നടത്തി പോളിംഗ് പരാതി രഹിതമാക്കാൻ ഇതുവഴി കഴിഞ്ഞു.