കാസറകോട് : മലയോരത്ത് പട്ടികവർഗ കോളനികളിൽ ജനാധിപത്യം ഊട്ടിയുറപ്പിച്ച്
വെസ്റ്റ് എളേരി കൊളത്തുകാട് ഏകാധ്യാപക സ്കൂളില ബൂത്തുകൾ. ഒരു ബൂത്ത് സ്കൂൾ കെട്ടിടത്തിലും രണ്ടാമത്തെ ബൂത്ത് സ്കൂളിന് മുൻവശത്തായി നിർമ്മിച്ച താൽക്കാലിക ഷെഡിലുമാണ് പ്രവർത്തിക്കുന്നത്. കിഴക്കൻ മലയോര മേഖലയിൽ ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഈ ബൂത്തിൽ എത്താൻ ചെങ്കുത്തായ കയറ്റവും ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര വേണം. രണ്ട് കുന്നുകളിലായി 1198 വോട്ടർമാർ ഈ ബൂത്തുകളിൽ ഉണ്ട്. ഇതിൽ 30 ശതമാനം പട്ടികവർഗ വോട്ടർമാരാണ്. ദുർഘടമായ പാതകൾ പിന്നിട്ട് ഇവിടെ എത്താനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഇവിടുത്തെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ബൂത്തുകളുടെ ബൂത്ത് ലെവൽ ഓഫീസർ പി കെ വിനോദ് ആണ്.
മലയോരമേഖലയിൽ പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറുകളിലും ഉച്ചതിരിഞ്ഞ് വെയിൽ താഴ്ന്നതോടെയുമാണ് ആളുകൾ ബൂത്തിലെത്തി തുടങ്ങിയത്. ഫ്ളയിംഗ് സ്ക്വാഡ്, പൊലീസ് തുടങ്ങിയവയുടെ ടീമുകൾ ഓരോ ബൂത്തുകളിലും സന്ദർശിച്ചു ബൂത്തുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്ന ബാധിത മേഖലകളിൽ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.