കാസര്‍കോട് ജില്ലയിലെ എല്ലാ ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചു
കാസർകോട് : കാസർകോട് ജില്ലയിലെ എല്ലാ ബൂത്തുകളിലും ഹരിത ചട്ടം പാലിച്ച് സുഗമമായി നടന്നു. ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും പഞ്ചായത്ത്, നഗരസഭകളുടെ മേൽനോട്ടത്തിൽ പോളിങ് ദിവസം തന്നെ നീക്കം ചെയ്യും. മെഡിക്കൽ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ ആരോഗ്യവകുപ്പ് മേൽനോട്ടം നിർവ്വഹിക്കും.
ഉദുമ മണ്ഡലത്തിലെ പെരിയ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹരിത ബൂത്ത് അണിയിച്ചൊരുക്കി. ചേമ്പിലയും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ച് അലങ്കരിച്ച സ്കൂളിലെ ബൂത്തുകളിൽ കർമ്മ നിരതരായി ഹരിതകർമ്മ സേനയും പ്രവർത്തിക്കുകയാണ്. കുടുംബശ്രീ മിഷൻ ഭക്ഷണം വിതരണം ചെയ്യുമ്പോഴും പാർസൽ സർവ്വീസ് ഒഴിവാക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലന സമയത്ത് അവർക്ക് ആവശ്യമായ പ്ലേറ്റും ഗ്ലാസും കരുതാനുള്ള നിർദ്ദേശവും നൽകിയിരുന്നെന്ന് ഹരിത ചട്ടം നോഡൽ ഓഫീസർ എ. ലക്ഷ്മി അറിയിച്ചു.