ഹരിപ്പാട് കോൺഗ്രസ് നേതാവിന്റെ വീടിനുനേരേ ആക്രമണം, കണ്ടുനിന്ന അയൽവാസി കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട് : കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട് ഒരു സംഘം ആക്രമിക്കുന്നത് കണ്ട് ഭയന്ന അയൽവാസി കുഴഞ്ഞുവീണു മരിച്ചു. ഹരിപ്പാട് പതിയാങ്കരയിലെ കോൺഗ്രസ് പ്രവർത്തകനായ മണിക്കുട്ടന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഇതു കണ്ട അയൽവാസിയായ ശാർങ്ഗധരനാണ് കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ രാഷ്ട്രീയ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും ആക്രമണമുണ്ടായത്. ഇന്ന രാവിലെ ആറന്മുളയിലും വോട്ടുചെയ്യാനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചിരുന്നു. അറുപത്തിയഞ്ചുകാരനാണ് മരണപ്പെട്ടത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷമുണ്ടായിട്ടുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം ബിജെപി സംഘർഷത്തിൽ ബി ജെ പി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ബൂത്ത് ഓഫീസിലിരുന്ന പ്രവർത്തകരാണ് ഇവിടെ ആക്രമിക്കപ്പെട്ടത്. കണ്ണൂരിൽ തളിപ്പറമ്പിൽ യു ഡി എഫ് ബൂത്ത് ഏജന്റിനും മർദ്ദനമേറ്റു, ഇവിടെ കള്ളവോട്ട് ചെയ്യാനെത്തിയയാളെ കണ്ടെത്തി തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് അക്രമസംഭവങ്ങളുണ്ടായത്.