ലാത്തിയുമായി പാഞ്ഞടുത്ത് ആൾക്കൂട്ടം; തൃണമൂൽ സ്ഥാനാർത്ഥിയെ പോളിംഗ് ബൂത്തിൽ നിന്നും പുറത്തിറക്കി തലയ്ക്കടിച്ചു, ബിജെപിയെന്ന് ആരോപണം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ലാത്തിയുമായെത്തിയ സംഘം പോളിംഗ് ബൂത്തിൽ നിന്നും പുറത്താക്കി. വെളിയിലിറങ്ങിയ ഇവരുടെ തലയിൽ അടിക്കുകയും ഓടിക്കുകയും ചെയ്തു.ആരംബാഗ് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സുജാത മൊണ്ടാൽ ഖാനാണ് ഈ ദുരനുഭവം. മണ്ഡലത്തിലെ അരണ്ഡി മേഖലയിലെ വോട്ടിംഗ്ബൂത്തിലെത്തിയ സുജാതയെ പുറത്താക്കി മർദ്ദിക്കുകയായിരുന്നു.സുജാതാ മൊണ്ടാലിന്റെ പിന്തുടരുകയും പുറത്തിറങ്ങിയ അവരെ ബിജെപി പ്രവർത്തകർ തലയ്ക്കടിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. സംഭവത്തിൽ ഒരു സുരക്ഷാ ഭടനും പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസും പ്രതികരിച്ചു. മണ്ഡലത്തിൽ തൃണമൂൽ പ്രവർത്തകരെ ബിജെപി ആക്രമിക്കുകയാണെന്ന് സുജാത മൊണ്ടാൽ ഖാൻ അഭിപ്രായപ്പെട്ടു.എന്നാൽ തൃണമൂൽ ആരോപണങ്ങൾ ബിജെപി തളളി. തങ്ങളുടെ വിവിധ മണ്ഡലങ്ങളിലെ വനിതകൾ അടക്കമുളള സ്ഥാനാർത്ഥികളെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകരെ ബൂത്തിൽ പ്രവേശിക്കാൻ സുരക്ഷാ സേന അനുവദിച്ചില്ലെന്നും ബിജെപി പരാതിപ്പെട്ടു.ഉളുബേരിയ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും വോട്ടിംഗ്,വിവിപാറ്റ് യന്ത്രങ്ങൾ ഇന്ന് പുലർച്ചെ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കാനാകാത്തതിനാലാണ് ബന്ധുവായ തൃണമൂൽ നേതാവിന്റെ വീട്ടിലെത്തിയതെന്നായിരുന്നു പോളിംഗ് ഉദ്യോഗസ്ഥന്റെ വിശദീകരണം. സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ ഒഴിവാക്കാൻ ലാത്തി ചാർജ് നടത്തേണ്ടി വന്നു. മൂന്നാംഘട്ട വോട്ടിംഗ് പുരോഗമിക്കുന്ന ബംഗാളിൽ ഉച്ചയ്ക്ക് ഒരുമണി വരെ 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.