സുകുമാരന്‍ നായരുടെ പ്രസ്താവന അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചന,തുറന്നടിച്ച് കാനം
കോട്ടയം: കേരളത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് കാനം രാജേന്ദ്രന്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉണ്ടാവും. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം രാജേന്ദ്രന് പ്രതികരിച്ചു.
എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുമെന്നാണ് ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആരും എല്‍ഡിഎഫിന് എതിരാവേണ്ട സാഹചര്യമില്ല. സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവന. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ പ്രസ്താവന നടത്തിയത്.