പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം നേരിട്ടതിന് അധ്യാപകനെതിരെയും സംഭവം മൂടി വെച്ച വൈദികനെതിരെയും പരാതിയുമായി മുന്നോട്ടു പോയതിന്റെ പേരില്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നു. മാധ്യമങ്ങളുടെ ഇടപെടലിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിന് പിതാവ് ഉള്‍പ്പെടെ ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
പോക്സോ നിയമപ്രകാരമാണ് ഗൂഡല്ലൂര്‍ സ്വദേശിയായ കരാട്ടെ അധ്യാപകന് സാബു എബ്രഹാമിനെ (55) പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തന്റെ മകളെ സാബു ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് അമ്മ നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമലഗിരി സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിലായായിരുന്നു ഇയാള്‍ കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളി വികാരിയായ ഫാ. ജോണിയെയും കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പാളിനെയും കുടുംബം നേരത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈദികര്‍ തയ്യാറായിരുന്നില്ലെന്നാണ് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണം. തുടര്‍ന്ന് സംഭവത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന് ഉള്‍പ്പെടെയുള്ള ബന്ധുക്കളും പള്ളിഭാരവാഹികളും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ഏഴുപേരോളം വരുന്ന സംഘം വീട് അകത്തു നിന്ന് പൂട്ടിയ ശേഷം നടത്തിയ മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ ഇടതുചെവിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനം തടഞ്ഞ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറായതെന്ന് പ്രദേശവാസി. ഇരയെ കുര്‍ബാന മധ്യേ പരസ്യമായി അവഹേളിച്ച വൈദികനെയും സ്കൂള്‍ പ്രിന്‍സിപ്പാളായ വൈദികനെയും പോലീസ് ഇടപെട്ട് കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മുഖ്യപ്രതിയായ കരാഠേ അധ്യാപകനും പെണ്‍കുട്ടിയെ ആക്രമിച്ച ഏഴുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.