മുരളിയുടെ വാഹനം തടഞ്ഞത് ശരിയായില്ല; എം എൽ എ ആയിരുന്നുവെന്നല്ലാതെ നേമവുമായി വേറെ ബന്ധമൊന്നുമില്ലെന്ന് രാജഗോപാൽ
തിരുവനന്തപുരം: രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും ഒ രാജഗോപാൽ എം എൽ എ. നേമത്ത് ഒരു തവണ എം എൽ എ ആയിരുന്നുവെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാൽ പറഞ്ഞു. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇന്നലെ രാത്രി നേമത്ത് കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബി ജെ പി പ്രവർത്തകരാണെന്ന് അവർ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ പരാജയഭീതി കൊണ്ടാണ് ബി ജെ പി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.നിർണായകമായ തിരഞ്ഞെടുപ്പ് ദിനത്തിൽ രാജഗോപാൽ നടത്തിയ പ്രതികരണം ബി ജെ പിക്ക് തലവേദനയാകും. നേമത്തെ ബി ജെ പിയുടെ സിറ്റിംഗ് എം എൽ എയാണ് രാജഗോപാൽ. ബി ജെ പി ഏറെ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലത്തിൽ കുമ്മനം രാജശേഖരനാണ് എൻ ഡി എ സ്ഥാനാർത്ഥി.