ഇ എം സി സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ, മന്ത്രിയുടെ വാക്കുകള്‍ തള്ളി പൊലീസ്
കുണ്ടറ : ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തിലൂടെ മാദ്ധ്യമശ്രദ്ധ നേടിയ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ആഴക്കടല്‍ വിഷയത്തില്‍ സര്‍ക്കാര്‍ കരാര്‍ നേടാന്‍ ശ്രമിച്ച ഇഎംസിസി ഡയറക്ടര്‍ കുണ്ടറയില്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നുണ്ട്. അതേസമയം ഷിജു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തെന്ന മന്ത്രിയുടെ വാദത്തെ പൊലീസ് തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി.കുണ്ടറയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഷിജു വര്‍ഗീസ് രാവിലെ നടത്തിയെന്നും പൊലീസ് ഇടപെട്ടാണ് ഇത് തടഞ്ഞതെന്നും മേഴ്സിക്കുട്ടിയമ്മ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാന്‍ ഷിജു ശ്രമിച്ചതായും കാറില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തുവെന്നത് ശരിയല്ലെന്നും മൊഴിയെടുക്കുക മാത്രമാണുണ്ടായതെന്നു മാണ് പൊലീസ് അറിയിക്കുന്നത്.ഇന്ന് രാവിലെ അഞ്ചരയോടെ താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായെന്ന പരാതിയുമായാണ് ഷിജു പൊലീസിനെ സമീപിച്ചതെന്നും ഇയാള്‍ പ്രതിയല്ലെന്നുമാണ് പൊലീസ് ഭാഷ്യം. കാറില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പി കണ്ടെത്തിയെന്ന മന്ത്രിയുടെ വാദവും പൊലീസ് തള്ളി.ഇ എം സി സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ, മന്ത്രിയുടെ വാക്കുകള്‍ തള്ളി പൊലീസ്