തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തു നിന്ന് എത്തിയിട്ടുള്ളവര്‍ മണ്ഡലം വിട്ടു പോകണം, ജില്ലാ കളക്ടര്‍
കാസർകോട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ പരസ്യപ്രചാരണം അവസാനിച്ചിട്ടും നിയോജകമണ്ഡലങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ മണ്ഡലം വിട്ട് പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പുറത്തു നിന്നുള്ളവര്‍ മണ്ഡലം വിട്ടു പോകേണ്ട സമയം തിങ്കളാഴ്ച രാവിലെ ആറിന് അവസാനിച്ചതാണ്. നിശബ്ദ പ്രചരണ കാലയളവില്‍ അതത് ഏജന്‍സികളുടെ വോട്ടര്‍മാര്‍ മാത്രം നിയോജക മണ്ഡലത്തില്‍ തുടരാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമവിരുദ്ധമായി പുറത്തുള്ളവരെ മണ്ഡലത്തില്‍ കണ്ടെത്തിയാല്‍ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍/ലോഡ്ജുകള്‍/കല്യാണ ഹാളുകള്‍ തുടങ്ങിയവ പരിശോധിച്ച് ടൂറിസ്റ്റുകള്‍ അല്ലാത്ത പുറത്തുനിന്നുള്ളവരെ തുടരാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.
ബൂത്തിനകത്ത് ഒരേ സമയം പ്രവേശനം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം bold
കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്ക്കാന്. ഇതിനുള്ള ക്രമകരണങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും. വോട്ടര്‍മാര്‍ ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡ്, മാസ്ക്, കയ്യുറ എന്നിവ ധരിക്കണം. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം.
തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം മുഖ്യം bold
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം പരമപ്രധാനമായതിനാല്‍ ഓരോ പോളിങ്ങ് ബൂത്തിലും തെര്‍മ്മല്‍ സ്കാനിങ്ങ് ഉപകരണങ്ങള്‍ ഉണ്ടെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. നാല് മണിക്കൂര്‍ ഇടവിട്ട് മാററി ഉപയോഗിക്കുന്നതിനായി മൂന്ന് എണ്ണം പിപിഇ കിറ്റുകള്‍ നല്‍കും. പോളിംഗ് ദിവസം എല്ലാ ബൂത്തുകളിലും തെര്‍മല്‍ സ്കാനിങ്ങ് ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കും.
· ബ്രേക്ക് ദ ചെയ്ന്‍ ഉറപ്പാക്കുന്നതിനായി ഓരോ ബൂത്തിലും 200 മില്ലീ ലിറ്റര്‍ ഹാന്‍ഡ് വാഷും 500 മില്ലി ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും 10 എണ്ണം വീതം അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റ് ഉറപ്പാക്കും.
· ഏതെങ്കിലും സമ്മതിദായകന് മാസ്ക്കില്ലാതെ വോട്ടു ചെയ്യുന്നതിനായി പോളിംഗ് ബൂത്തില്‍ വന്നാല്‍ അവര്‍ക്ക് വിതരണം ചെയ്യുന്നതിനായി ട്രിപ്പിള്‍ ലെയര്‍ മാസ്ക്കുകള്‍ 200 എണ്ണം സൂക്ഷിച്ചിട്ടുളള മാസ്ക് കോര്‍ണര്‍ ഓരോ ബൂത്തിലും സൂചനാ ബോര്‍ഡോടു കൂടി ഉണ്ടായിരിക്കും.
· സമ്മതിദായകര്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2000 പ്ലാസ്റ്റിക്ക് ഗ്ലൗസുകള്‍ ഓരോ ബൂത്തിലും വിതരണം ചെയ്യും.
· മൂന്ന് എന്‍ 95 മാസ്ക്കുകള്‍, മൂന്ന് അണുവിമുക്തമാക്കിയ ഗ്ലൗസുകള്‍, ഒരു ഫേസ്ഷീല്‍ഡ് (ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്നവ), 200 മില്ലി ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയടങ്ങിയ 10 കോവിഡ് 19 പ്രൊട്ടക്ഷന്‍ കിറ്റുകള്‍ പോളിംഗ് ഓഫീസര്‍മാര്‍, പോലീസുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനായി ഓരോ ബൂത്തിനും നല്‍കും.
· കോവിഡ് രോഗികള്‍/സംശയിക്കുന്നവര്‍ ആയ സമ്മതിദായകര്‍ എത്തുന്ന പോളിംഗിന്റെ അവസാന മണിക്കൂറിലും എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റുകള്‍ ധരിക്കും.
· തെരഞ്ഞടുപ്പിന് മുമ്പ് പോളിംഗ് സ്റ്റേഷന് അണുവിമുക്തമാക്കും.
· എല്ലാ പോളിംഗ് ബൂത്തിന്റെയും പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി തെര്‍മല്‍ സ്കാന്‍ സൗകര്യം ഒരുക്കും.
· ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മ്മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കും.
· ക്യൂവില്‍ നില്ക്കുന്നവര് അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അകലം അടയാളപ്പെടുത്തി വെക്കും.
· 15 മുതല്‍ 20 വരെ വോട്ടര്‍മാര്‍ക്ക് ഒരേ സമയം നില്‍ക്കുന്നതിനായി സ്ഥല ലഭ്യത അനുസരിച്ച് 6 അടി ദൂരത്തിലാണ് അടയാളപ്പെടുത്തുക. സ്ത്രീകള്‍, പുരുഷന്മാര്, ഭിന്നശേഷിക്കാര്‍/ മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കായി പ്രത്യേകമായി മൂന്ന് വരികള്‍ ക്രമീകരിക്കും.
· സമ്മതിദായകര്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് നീരീക്ഷിക്കാനും നിയന്ത്രിക്കാനും ബൂത്ത് തല ഓഫീസര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും.
· പോളിംഗ് സ്റ്റേഷനുളളില്‍ തണലുളള സ്ഥലത്ത് ഇരിപ്പിടത്തിനുളള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കും.
· എല്ലാ പോളിംഗ് സ്റ്റേഷന്റേയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സോപ്പും വെള്ളവും സാനിറ്റൈസറും ലഭ്യമാക്കും.
· സമ്മതിദായകര്‍ക്ക് കാണാവുന്ന ഇടങ്ങളില്‍ കോവിഡ് 19 ബോധവത്ക്കരണ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും.
· പോളിംഗ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കും.
· പോളിംഗ് ഏജന്റിനോ കൗണ്ടിംഗ് ഏജന്റിനോ നിശ്ചിത അളവില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉണ്ടെങ്കില്‍ ആ ആളിനെ തിരിച്ചു പോകാന്‍ അനുവദിച്ച് പകരം മറ്റൊരാളെ പ്രവേശിപ്പിക്കും. ഈ വിവരം പ്രിസൈഡിങ് ഓഫീസര്‍ രേഖപ്പെടുത്തി വെക്കും.
· രജിസ്റ്ററില്‍ ഒപ്പിടുന്നതിനും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അമര്ത്തുന്നതിനുമായി സമ്മതിദായകര്‍ക്ക് ഹാന്‍ഡ് ഗ്ലൗസ് നല്‍കും.
· ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കിക്കൊണ്ട് പോളിങ് ബൂത്തിന്റെ ഉള്‍വശത്ത് ആവശ്യമായ ഇടങ്ങളില്‍ സാനിറ്റൈസറുകള്‍ സൂക്ഷിക്കും.
· കോവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന കോവിഡ് രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടാകും. കോവിഡ് രോഗികളും കോവിഡ് രോഗമുണ്ടെന്ന് സംശയിക്കുന്നവരും പി.പി.ഇ കിറ്റ്, ഹാന്റ് ഗ്ലൗസ്, എന്‍ 95 മാസ്ക് എന്നിവ ധരിച്ചാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.
· കണ്ടെയ്ന്മെന്റ് സോണ്‍/ മൈക്രോ കണ്ടെയ്ന്മെന്റ് സോണില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിപ്പിട്ടുള്ള പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം.
· സ്ലിപ്പ് വിതരണത്തിന് രണ്ടുപേ രില്‍ കൂടുതല്‍ പാടില്ല. വിതരണം നടത്തുന്നവര്‍ മാസ്കും കൈയ്യുറയും ധരിക്കണം.
· പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ചാണ് ക്രമീകരിക്കേണ്ടത്.
കയ്യില്‍ കരുതാം പേന, കുട്ടികളെ ഒഴിവാക്കാം bold
ചൊവ്വാഴ്ച വോട്ടു രേഖപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ വോട്ട് ചെയ്ത് മടങ്ങി വീട്ടിലെത്തുന്നത് വരെ കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തി സ്വയം പ്രതിരോധം തീര്‍ക്കണം. ശ്രദ്ധിക്കാം താഴെ പറയുന്ന കാര്യങ്ങള്‍:
· പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി പോളിങ് അസിസ്റ്റന്റ് നല്കുന്ന സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ നന്നായി വൃത്തിയാക്കണം. വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം.
· വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
· പരിചയക്കാരെ കാണുമ്പോള്‍ മാസ്ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്ക് വച്ച് സംസാരിക്കാന്‍ പറയുക.
· പോളിങ് കേന്ദ്രങ്ങളില്‍ കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകാതിരിക്കുക. വോട്ട് ചെയ്യാനായി കാത്തു നില്‍ക്കുമ്പോളും പരിചയക്കാരോട് സംസാരിക്കുമ്പോളും രണ്ട് മീറ്റര്‍ അല്ലെങ്കില്‍ ആറ് അടി അകലം പാലിക്കണം.
· പോളിങ് കേന്ദ്രത്തിനു സമീപം കൂട്ടം കൂടി നില്‍ക്കരുത്.
· ഒരാള്‍ക്കും ഷേക്ക്ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
· വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.
· ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും, സന്ദര്‍ശനങ്ങളും ഒഴിവാക്കുക. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിന് പുറത്തേയ്ക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
· വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
· വീട്ടിലെത്തി വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപഴകാന്‍ പാടുള്ളു.
· കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും, കൈകള്‍ ഇടയ്ക്കിടെ സാനിറ്റെസ് ചെയ്യുകയും ചെയ്യണം.