ഘടകകക്ഷികളുമായല്ലാതെ ആരുമായി സഖ്യമില്ല; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല
തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറാണെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി പ്രതിപക്ഷ രമേശ് ചെന്നിത്തല. യുഡിഎഫ് ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുല്ലപ്പള്ളി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“മഞ്ചേശ്വരത്തും നേമത്തും യുഡിഎഫ് ജയിക്കും. യുഡിഎഫിന്റെ ഘടകകക്ഷികളുമായിട്ടല്ലാതെ ഒരു സഖ്യവുമില്ല. സഖ്യമുണ്ടാക്കിയിരിക്കുന്നത് സിപിഎമ്മും ബിജെപിയുമായിട്ടാണ്. തുടര്‍ഭരണത്തിന് വേണ്ടി ബിജെപിയുമായി കൈകോര്‍ക്കുന്ന സി.പി.എം നിലപാട് ഈ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കാണാന്‍ കഴിയുമായിരുന്നു,” രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ട്. ഇത്തവണയും സാധിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട .ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളില്‍ പ്രാദേശിക നീക്ക് പോക്ക് എല്‍ഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ? എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.