വിജയിക്കണമെങ്കിൽ സിനിമാതാരങ്ങളെ അണിനിരത്തണമെന്ന ഗതികേടിലായോ പിണറായി? ഇരുപത് മണ്ഡലങ്ങളിൽ സി പി എം കോൺഗ്രസ് ധാരണയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിൽ എൽ ഡി എഫ് സർക്കാർ സ്വീകരിച്ച സമീപനങ്ങളും വിശ്വാസികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരൻ. സ്വർണക്കടത്ത് വിഷയത്തിൽ സി പി എം നേതാക്കൾക്കുളള പങ്ക്, സർക്കാർ നടത്തിയ അവിഹിത ഇടപെടലുകൾ, സ്പീക്കർ ചോദ്യം ചെയ്യലിന് മടികാണിക്കുന്ന സാഹചര്യം, പിൻവാതിൽ നിയമനം തുടങ്ങിയവൊക്കെ തിരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നതിൽ പങ്ക് വഹിക്കുമെന്നും മുരളീധരൻ പറഞ്ഞു.സി പി എമ്മിൽ വ്യക്തിപൂജ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. ഇന്നലെ അത് ഏറ്റവും അപഹാസ്യമായ രൂപത്തിലേക്കെത്തി. സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി പി എമ്മിന്റെ പുതിയ മുഖമാണ്. ധർമ്മടത്ത് വിജയിക്കണമെങ്കിൽ സിനിമാതാരങ്ങളെ അണിനിരത്തണമെന്ന ഗതികേടിലായോ പിണറായി എന്നാണ് പാർട്ടി അണികൾ ചോദിക്കുന്നത്. വാളയർ കുഞ്ഞുങ്ങളുണ്ടോ അമ്മ മത്സരിക്കുന്നോയെന്ന ആശങ്ക പിണറായിക്കുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.താരനിശ നടത്തുന്നതിനുളള പണം എവിടെ നിന്ന് വരുന്നുവെന്ന് വ്യക്തമാക്കണം. കളളപ്പണ ഇടപാടിൽ നിന്നുകിട്ടിയ വിഹിതമാണോ ഇതെന്ന് ജനങ്ങൾക്കറിയണം. ബി ജെ പി ശക്തമായ മത്സരം നടത്തുന്ന ഇരുപത് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സി പി എം ധാരണയുണ്ട്. മഞ്ചേശ്വരത്ത് ബി ജെ പിയെ തോൽപ്പിക്കാൻ വോട്ട് അഭ്യർത്ഥന നടത്തിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകൾ ഇതിന് തെളിവാണെന്നും വി മുരളീധരൻ പറഞ്ഞു.തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തമായ സാന്നിദ്ധ്യം രണ്ട് മുന്നണികൾക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം. തലശേരിയിൽ ബി ജെ പി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ട്. ജില്ലാ കമ്മിറ്റിയെക്കാൾ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം എന്നും വി മുരളീധരൻ പറഞ്ഞു. തലശേരിയിൽ മനസാക്ഷി വോട്ട് തളളിയ മുരളീധരൻ ബി ജെ പി പിന്തുണ സംസ്ഥാന അദ്ധ്യക്ഷൻ പ്രഖ്യാപിച്ച ആൾക്ക് തന്നെയാണെന്നും വ്യക്തമാക്കി.