അണങ്കൂരിലെ വീട്ടമ്മയുടെ മരണം കാസർകോട് നഗരസഭക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
ജില്ലാ ജനകീയ നീതി വേദി.
കാസർകോട്: കഴിഞ്ഞ ഒന്നര വർഷമായി തന്റെ വീടിന് തൊട്ടടുത്ത് അനധികൃതവും, മാലിന്യ മുക്തവുമല്ലാത്ത രീതിയിൽ നടത്തിവന്നിരുന്ന കോഴിക്കട മാറ്റി സ്ഥാപിക്കണമെന്നും, ഏറ്റവും കുറഞ്ഞത് ദുർഗന്ധം ഒഴിവാക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കാസർകോട് നഗരസഭക്കും മറ്റ് സർക്കാർ ഏജൻസികൾക്കും നിരന്തരം പരാതികൾ നൽകിയിട്ടും യാതൊരു വിധ നടപടികളും കൈകൊള്ളാതിരുന്ന കാസർകോട് നഗരസഭക്കെതിരെ മനപൂർവ്വമുള്ള കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ ഏറെ ജനസാന്ദ്രതയുള്ള ഇടങ്ങളിൽ ഏറെ മാലിന്യപ്രശ്നങ്ങൾ ഉണ്ടാകുന്ന കോഴിക്കടകൾക്കും, ഇറച്ചിക്കടകൾക്കും അനുമതി നൽകുകയും, തൊട്ട് താമസിക്കുന്ന ശ്വാസാകോശ രോഗികളുടെ പരാതികൾ പോലും പരിഗണിക്കാതെ ധിക്കാരപൂർവ്വമായി പെരുമാറിയ കാസർകോട് നഗരസഭാ അധികൃതരും ഉദ്യോഗസ്ഥന്മാരും വീട്ടമ്മയുടെ മരണത്തിൽ തുല്യ പങ്കാളിയാണെന്നും യോഗം വിലയിരുത്തി, മേൽവിഷയവുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്താനും യോഗം തീരുമാനിച്ചു.
സൈഫുദ്ദീൻ കെ.മാക്കോട്, ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച്, ഹാരിസ് ബന്നു, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ തെരുവത്ത്, ഇസ്മായിൽ ചെമ്മനാട് ,എം.എം.കെ.സിദ്ധീക്ക്, ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംസാരിച്ചു.