നായാട്ടിനിടെ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു; മനംനൊന്ത് നാല് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു
ഡെറാഡൂണ്‍: നായാട്ടിനിടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് യുവാവ് മരിച്ചതില്‍ മനം നൊന്ത് നാല് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിന് സമീപത്തെ വനത്തിലാണ് സംഭവം. കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളാണ് സംഭവം പുറത്തറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഏഴു സുഹൃത്തുക്കള്‍ ഒരുമിച്ച് നായാട്ടിനിറങ്ങി. രാജീവ് എന്ന ഇരുപത്തിരണ്ടുകാരന്റെ കൈയിലായിരുന്നു ലോഡ് ചെയ്ത തോക്ക്. നടക്കുന്നതിനിടെ രാജീവ് കാല്‍തെറ്റി വീണു. വീഴ്ചയില്‍ തോക്ക് അബദ്ധത്തില്‍ പൊട്ടി. സന്തോഷ് എന്ന സുഹൃത്തിനാണ് അബദ്ധത്തില്‍ വെടിയേറ്റത്. രക്തം വാര്‍ന്ന് സന്തോഷ് മരിച്ചു. ഇതോടെ മനം നൊന്ത് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രാജീവ് സ്വയം വെടിവെച്ചാണ് മരിച്ചത്. സോബന്, പങ്കജ്, അര്ജുന് എന്നിവര്‍ വിഷം കഴിച്ചും മരിച്ചു.
കൂടെയുണ്ടായിരുന്ന രാഹുല്‍, സുമിത് എന്നിവര്‍ നാട്ടിലെത്തി വിവരം പറഞ്ഞു.18നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാമെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. മരണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.