‘കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കള്‍ പൊറുക്കില്ല’; മുല്ലപ്പള്ളിക്കെതിരെ കെ സുരേന്ദ്രന്
കോഴിക്കോട്:എല്‍ഡിഎഫ് മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കള്‍ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
സിപിഐഎമ്മിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയത്. മഞ്ചേശ്വരത്ത് എന്‍ഡിഎ വിജയിക്കുമെന്ന ഭയമാണ് മുല്ലപ്പള്ളിയെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ആശയ പാപ്പരത്തമാണിതെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇവിടെ വ്യക്തമാകുന്നതെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ആര്.എസ്.എസിനും ബി.ജെ.പി.ക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തിയിരുന്നു.