എല്‍.ഡി.എഫ് മാത്രമാണ് മുന്നിലുള്ള ചോയ്സ്; തൃത്താലയില്‍ എം.ബി. രാജേഷ് ജയിക്കണം കെ.ആര്. മീര
പാലക്കാട്: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ എല്‍.ഡി.എഫ് മാത്രമാണ് തനിക്ക് മുന്നിലുള്ള ചോയ്സ് എന്ന് എഴുത്തുകാരി കെ.ആര്. മീര. തൃത്താലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജനങ്ങളുടെ ജീവനും സ്വാതന്ത്രവും സംരക്ഷിക്കാന്‍ ഇപ്പോള്‍ മുമ്പിലുള്ള ചോയ്സ് എല്‍.ഡി.എഫ് മാത്രമാണ്. ഇതാണ് എല്‍.ഡി.എഫിനെ തെരഞ്ഞെടുക്കാനുള്ള ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി വോട്ടുചെയ്യാനാകുമോ എന്ന ഭീതിയാണ് അലട്ടുന്നത്. പ്രത്യേകിച്ച് 2016ലെ നോട്ട് നിരോധനത്തിന് ശേഷം. ഈ ഭീതിയെ കേരളത്തിലെങ്കിലും തടയിടാന്‍ തല്ക്കാലം എല്‍.ഡി.എഫിന് മാത്രമേ സാധിക്കൂ.
മൂന്നാമതായി, എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ സര്‍ക്കാറിനെ വളഞ്ഞിട്ട് ആക്രമിക്കും. ഇത് ജനാധിപത്യത്തിന് നല്ലതാണ്. എതിര്‍പക്ഷത്തുള്ള ആര് വന്നാലും മാധ്യമങ്ങള്‍ നിശബ്ദരാകും. മാസങ്ങള്‍ പിന്നിട്ട കര്‍ഷക സമരത്തെ കുറിച്ച് ഏതെങ്കിലും മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ.
തൃത്താലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി. രാജേഷ് എത്രത്തോളം മികച്ച ഭരണകര്‍ത്താവാണെന്ന് എം.പി ആയിരിക്കുമ്പോള്‍ പാലക്കാട്ടുകാര്‍ക്ക് അറിയാവുന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തൃത്താലയില്‍ നിന്നുള്ള പ്രതിനിധി എന്ത് ഇടപെടലാണ് നടത്തിയത്. രാജേഷ് അധികാരത്തിലെത്തിയാല്‍ എത്രത്തോളം ഭാവനാത്മകമായ വികസന പദ്ധതികള്‍ നടപ്പാക്കും എന്ന് അദ്ദേഹത്തിന്റെ പ്രകടന പത്രികയില്‍ വ്യക്തമാണ്.
മാന്യതയോടെ വിയോജിക്കാന്‍ കഴിയുന്ന ഒരു ജനപ്രതിനിധിയാണ് രാജേഷ്. വിയോജിക്കാനുള്ള അവകാശം വളരെ പ്രധാനമാണ്. ഇക്കാരണങ്ങളാല്‍ എം.ബി. രാജേഷ് വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കെ.ആര്. മീര പറഞ്ഞു.