വോട്ടെടുപ്പ് ചൊവ്വാഴ്ച; പോളിംഗ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബൂത്തിലേക്ക്ജില്ലയിൽ ആകെ1591 പോളിംഗ് ബൂത്തുകൾ.
കാസർകോട് :നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടിംഗ് സമയം. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബൂത്തുകളിലെത്തും.
ഇത്തവണ വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടുതലാണ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ തപാൽ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കക്കാർക്കും വോട്ട് ചെയ്യാം. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് നൽകും.
മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് സജ്ജമാക്കിയത്. 983 മെയിൻ ബൂത്തുകളും 608 ഓക്സിലറി ബൂത്തുകളുമുൾപ്പെടെയാണിത്. 13 താൽക്കാലിക ബൂത്തുകളും ഒരുക്കി.
2021 മാർച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ആകെ 10,59,967 വോട്ടർമാരാണുള്ളത്. ഇതിൽ പൊതുവോട്ടർമാരും പ്രവാസി വോട്ടർമാരും ഉൾപ്പെടെ 10,58,337 പേരും 1630 സർവീസ് വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരിൽ 518501 പേർ പുരുഷൻമാരും 5,41,460 പേർ സ്ത്രീകളും ആറ് പേർ ഭിന്നലിംഗക്കാരുമാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. മഞ്ചേശ്വരം: ജി.എച്ച്.എസ്.എസ് കുമ്പള, കാസർകോട്: ഗവ. കോളേജ് കാസർകോട്, ഉദുമ: ഗവ. പോളിടെക്നിക് പെരിയ, കാഞ്ഞങ്ങാട്: നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ: ഇ.കെ.എൻ.എം പോളിടെക്നിക് കോളേജ് തൃക്കരിപ്പൂർ എന്നിവയാണ് വിതരണ കേന്ദ്രങ്ങൾ.
വിതരണം രാവിലെ എട്ടിന് ആരംഭിക്കും. ആൾക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതൽ 9.30 വരെ, 9.30 മുതൽ 11 മണി വരെ, 11 മണി മുതൽ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം.
പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ മാത്രമേ കൗണ്ടറിൽ പ്രവേശിക്കൂ. മറ്റ് ഉദ്യോഗസ്ഥർ വാഹനത്തിൽ തന്നെ ഇരിക്കും. ഇലക്ടോണിക് വോട്ടിംഗ് യന്ത്രം, പേപ്പർ സീൽ, സീലുകൾ, മറ്റു സാമഗ്രികൾ എന്നിവ പ്രിസൈഡിംഗ് ഓഫീസർ/ഫസ്റ്റ് പോളിംഗ് ഓഫീസർമാരാണ് നിശ്ചയിച്ച കൗണ്ടറിൽ നിന്നും സ്വീകരിക്കേണ്ടത്. റിസർവിലുള്ള ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവർക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
1989 വീതം പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ, സെക്കൻഡ് പോളിങ് ഓഫീസർമാർ, തേഡ് പോളിങ് ഓഫീസർമാർ, 1591 പോളിംഗ് അസിസ്റ്റന്റുമാർ, 153 മൈക്രോ ഒബ്സർവർമാർ എന്നിവർ ഉൾപ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. റിസർവ് ഉൾപ്പെടെയാണിത്. ബൂത്തുകളിൽ കോവിഡ് 19 പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവർത്തകരെയും ആശാവർക്കർമാരെയും നിയോഗിച്ചിട്ടുണ്ട്.
അവസാന ഒരു മണിക്കൂറിലെ വോട്ടിംഗ്
തപാൽ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും അവസാനത്തെ ഒരു മണിക്കൂർ ബൂത്തിലെത്തി വോട്ട് ചെയ്യാം. അവസാന മണിക്കൂറിലെ വോട്ടിംഗ് ഇപ്രകാരം:
* കോവിഡ് ബാധിതർ അല്ലാത്ത വോട്ടർ ക്യൂവിൽ ഉണ്ടെങ്കിൽ അവർ വോട്ട് ചെയ്ത ശേഷമേ കോവിഡ് ബാധിതർ, പ്രാഥമിക സമ്പർക്കമുള്ളവർ എന്നിവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇവർ പി.പി.ഇ കിറ്റ്, ഗ്ലൗസ്, എൻ-95 മാസ്ക് എന്നിവ ധരിച്ചിരിക്കണം.
* ഹെൽപ് ഡെസ്കിൽനിന്ന് ടോക്കൺ വാങ്ങി ക്യൂ ഒഴിവാക്കണം.
* അവസാന മണിക്കൂറിൽ ബൂത്തിലെ പോളിംഗ് ഉദ്യോഗസ്ഥർ എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചരിക്കണം.
* വോട്ടർ പി.പി.ഇ കിറ്റ് ധരിച്ച് ആരുമായും സമ്പർക്കം പുലർത്താതെ ബൂത്തിലെത്തുക.
* ബൂത്തിൽ ഒരു സമയം ഒരാളെ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ.
* വോട്ട് ചെയ്ത ശേഷം കൈയുറ പ്രത്യേകം സജ്ജമാക്കിയ പെട്ടിയിൽ നിക്ഷേപിക്കുക.
വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കുക.
11274 പേർ ആബ്സെന്റീസ് വോട്ട് ചെയ്തു
ജില്ലയിൽ 12 ഡി ഫോം നൽകിയ ആബ്സന്റീസ് വോട്ടർമാരിൽ 11274 പേർ പ്രത്യേക സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരത്തിൽ 23,597 പേരാണ് വോട്ടർമാരായി ഉള്ളത്. മഞ്ചേശ്വരം 1617, കാസർകോട് 1323, ഉദുമ 2557, കാഞ്ഞങ്ങാട് 2916, തൃക്കരിപ്പൂർ 2861 എന്നിങ്ങനെയാണ് വോട്ട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്.
പോളിങ് ഓഫീസർമാർക്കായി ടെസ്റ്റ് യുവർ നോളജ്
പരിശീലനം പൂർത്തിയാക്കിയ പോളിങ് ഓഫീസർമാർക്ക് അവരുടെ അറിവ് പരിശോധിക്കാൻ ടെസ്റ്റ് യുവർ നോളജ് സോഫ്റ്റ്വെയർ തയ്യാറായി. ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ആദ്യ പരീക്ഷയെഴുതി ഉദ്ഘാടനം ചെയ്തു. പരിശീലന ഭാഗങ്ങൾ ആധാരമാക്കി തയ്യാറാക്കിയ 33 ചോദ്യങ്ങളടങ്ങിയ ഗൂഗിൾ ഷീറ്റ് തയ്യാറാക്കിയത് കാസർകോട് വരണാധികാരി ഷാജു പിയാണ്. tthps://docs.google.com/forms/d/e/1FAIpQLSfktpoa67cvYVGWCzL95TakVTXaXC0jWM4IztdHAS6lVBX_Mw/viewform എന്ന ലിങ്കിലുടെ പരീക്ഷയെഴുതാവുന്നതാണ്. സബ് കളക്ടർ ഡി ആർ മേഘശ്രീ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സൈമൺ ഫെർണാണ്ടസ്, ഉദുമ ഒബ്സർവർ ദേബാശിശ് ദാസ് എന്നിവർ സംബന്ധിച്ചു. പരീക്ഷ എഴുതുന്നവരിൽ കൂടുതൽ മാർക്ക് നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മറ്റ് ജില്ലക്കാർക്കും ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണെന്ന് കളക്ടർ പറഞ്ഞു.