തിരുവനന്തപുരം: മന്ത്രി എംഎം മണി രണ്ട് വര്‍ഷത്തിനിടെ തന്റെ ഔദ്യോഗിക വാഹനമായ ഇന്നോവയുടെ ടയര്‍ 34 തവണ മാറ്റിയത് എന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിരവധി ട്രോളുകളാണ് ഇതിനെതിരെ വന്നിരുന്നത്. വിവരാവകാശത്തില്‍ കിട്ടിയതാണ് ഈ ടയര്‍ മാറ്റല്‍ കണക്ക്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.
ആദ്യം ട്രോളന്മാര് ട്രോളട്ടേ തമാശയല്ലേ ആസ്വദിക്കാം എന്നാണ് കരുതിയത്. എന്നാല്‍ നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി അത് മാറുമ്ബോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
സാധാരണ റോഡുകളില്‍ ഓടുമ്ബോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കിലോ മീറ്റര്‍ ആണെന്നും എന്നാല്‍ ഈ കാലയളവില്‍ തന്റെ വാഹനം ഓടിയത് 1,24,075 കിലോമീറ്റര്‍ ആണെന്നും ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണെന്നും മന്ത്രി കുറിച്ചു. ഇതിന്റെയൊക്കെ ഫലമായാണ് ടയറിന്റെ ആയുസ് കുറയുന്നതെന്നും കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കൈയിലെ കയറുമായി ഇങ്ങോട്ടു വരണ്ട എന്ന് പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ.ട്രോളന്മാര് ട്രോളട്ടെ . തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്ബോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.
സാധാരണ റോഡുകളില്‍ ഓടുമ്ബോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്.കണക്ക് ചിത്രത്തിലുണ്ട്.
മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.