നഴ്സ് ഫോൺ വിളിയുടെ തിരക്കിൽ ; 50കാരിക്ക് അബദ്ധത്തിൽ നൽകിയത് രണ്ടു ഡോസ് കോവിഡ് വാക്സിൻ
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഒരാള്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന് ഒന്നിച്ചു നല്‍കിയതായി പരാതി. പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ നഴ്സ് ഫോണ്‍ വിളിയില്‍ മുഴുകി ഇരുന്നതാണ് രണ്ട് കുത്തിവെപ്പുകള്‍ നല്കാൻ ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. 50 വയസുകാരിയായ കമലേഷ് കുമാരിക്കാണ് രണ്ട് ഡോസ് കോവിഡ് വാക്സിന് കുത്തിവെച്ചത്.
അതെ സമയം, രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്സിനോട് ചോദിച്ചപ്പോള്‍ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്. തുടർന്ന് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
അധികം ഡോസ് നല്‍കിയതിനെ തുടര്‍ന്ന് കമലേഷ് കുമാരിക്ക് വറയല് അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.