കഴിഞ്ഞതവണ നേമം മാത്രമായിരുന്നെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകൾ നൽകാൻ കോൺഗ്രസ്-ബിജെപി ധാരണ: കടുത്ത ആരോപണവുമായി മുഖ്യമന്ത്രി
കണ്ണൂർ: കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞതവണ നേമം ആയിരുന്നെങ്കിൽ, ഇത്തവണ കൂടുതൽ സീറ്റുകൾ നൽകാനാണ് യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെങ്കിലും അദ്ദേഹം കാര്യങ്ങൾ മനസിലാക്കാറില്ല. ഒരു കേരളതല യോജിപ്പ് രാഹുൽ ഗാന്ധിയുടെ പാർട്ടിയും ലീഗും ബിജെപിയും ചേർന്ന് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളുവെങ്കിലും, ഇത്തവണ ഒന്നിലധികം സീറ്റുകൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.എൽഡിഎഫ് ഒരു കാര്യം പറഞ്ഞാൽ അത് നടന്നിരിക്കും എന്ന് ഉറപ്പ് ജനങ്ങൾക്കുണ്ട്. ജീവിതാനുഭവത്തിലൂടെ വന്ന വിശ്വാസമാണത്. കടക്കെണിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുന്നിലെന്ന് പറഞ്ഞ് കണക്കുകൾ നിരത്തിയ മുഖ്യമന്ത്രി, പഞ്ചാബിലേയും രാജസ്ഥാനിലെയും കാര്യമാണ് ഉദാഹരണമായി പറഞ്ഞത്.