മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ളതാണോ വി.വി.ഐ.പി ഹെലികോപ്ടറുകള്‍? വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി
കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വി.വി.ഐ.പി ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ ഔദ്യോഗിക സുരക്ഷ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വി.വി.ഐ.പി ഹെലികോപ്ടറുകള്‍. എന്നാല്‍ അവ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഒട്ടും ശരിയല്ല. എതിര്‍സ്ഥാനാര്‍ത്ഥിയെ കളിയാക്കുന്നതിന് തുല്യമാണിത്, അധീര്‍ പറഞ്ഞു.ഇത്തരം പരിഹാസം ഏറ്റുവാങ്ങാന്‍ താല്പ്പര്യമില്ലാത്തതിനാല് മുന്‍കൂട്ടി നിശ്ചയിച്ച തന്റെ ഒരു പൊതുപരിപാടി റദ്ദ് ചെയ്യേണ്ടി വന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
‘ഞാനൊരിക്കലും എന്റെ ഔദ്യോഗിക വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാറില്ല. വി.വി.ഐ.പി എയര്‍ക്രാഫ്റ്റുകള്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്ന് എനിക്കറിയില്ല. കൊവിഡ് മഹാമാരി കാരണം ജോലി നഷ്ടപ്പെട്ടവര്‍, ശമ്പളം കൃത്യമായി ലഭിക്കാത്ത ജനങ്ങള്‍, എന്നിവര്‍ നിറയെ ഉള്ള രാജ്യത്ത് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ പെരുമാറുന്നത് കണ്ടുനില്ക്കാന് കഴിയില്ല’ ചൗധരി പറഞ്ഞു.
ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിലെ ഹൂഗ്ളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ ആറിനാണ് ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.