വിശ്രമത്തിനിടയിലും ആവേശംഎല്ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്ത്ഥിച്ച്മുതിര്ന്ന സിപിഎം നേതാവ് പി രാഘവന്
മുന്നാട്: സിപിഎം നേതാവ് വിശ്രമത്തില്‍ കഴിയുന്ന പി രാഘവന് എഴുതുന്നു…..കേരളം വീണ്ടും പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കാഴ്ചക്കാരനായിരിക്കേണ്ടി വരുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. അറുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇതാദ്യമായാണ് പുറത്തിറങ്ങി ഒരാളോടുപോലും വോട്ടഭ്യര്‍ത്ഥിക്കാന്‍ പറ്റാത്ത അവസ്ഥ. സഖാക്കളോടൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ എല്ലായ്പ്പോഴും എനിക്ക് ആവേശവും ഊര്‍ജ്ജവുമായിരുന്നു. ആരോഗ്യം അനുവദിക്കുന്നില്ല അതുകൊണ്ട് ഇതുവഴി സംസാരിക്കാന്‍ മാത്രമേ ഇത്തവണ നിവൃത്തിയുള്ളൂ.
സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 5വര്‍ഷമാണ് കഴിഞ്ഞുപോയത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയവും, ലോകം പുതുതായി കണ്ട രണ്ട് മഹാമാരികള്‍ എന്നിവയെ ജനങ്ങളുടെ പിന്തുണയോടെ സമചിത്തതയോടുകൂടി നേരിട്ട സര്‍ക്കാര്‍. ലോക ശ്രദ്ധനേടിയ അതിജീവനത്തിന്റെ കേരള മാതൃക മലയാളികള്‍ അഭിമാനത്തോടെ കണ്ടതാണ്. ആയിരകണക്കിന് കോടി ഉറുപ്പികയുടെ നാശനഷ്ടം വന്നപ്പോള്‍ ക്ഷേമപദ്ധതികളൊന്നും വെട്ടികുറക്കാതെ ഒരു ദിവസം പോലും ജനങ്ങള്‍ പട്ടിണികിടക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി ജനങ്ങള്‍ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് ഭക്ഷ്യകിറ്റ്. കിറ്റ് വിതരണം സമ്പന്ന രാജ്യങ്ങള്‍ക്കുപോലും മാതൃകയാണ്. കഴിഞ്ഞസര്‍ക്കാര്‍ മുടക്കിയ ക്ഷേമപെന്ഷന് പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയും പുതുതായി പെന്ഷന് വര്‍ധിപ്പിക്കുകയും ചെയ്തു. നാടിന്റെ നാനാമേഖലകളിലും വികസന പദ്ധതികള്‍ നടപ്പിലാക്കി, കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവന്നു. അഴിമതി മേലേതട്ടില്‍ നിന്നും തുടച്ചുനീക്കി. ഈ നേട്ടങ്ങള്‍ക്കെല്ലാം തുടര്‍ച്ചയും ഉറപ്പും ഉണ്ടാവണം.
എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേറുമ്പോള്‍ അതിന് സഹായകമായി കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരത്ത് വിവി രമേശനും കാസര്‍ഗോഡ് എംഎ ലത്തീഫ്, ഉദുമ സിഎച്ച് കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്, തൃക്കരിപ്പൂരില്‍ നിന്ന് എം രാജഗോപാലനേയും വന്ഭൂരുപക്ഷത്തോടെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.