സി പി ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് നേരെ സി പി എം പ്രാദേശിക നേതാക്കളുടെ പ്രതിഷേധം.
സി പി ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് നേരെ സി പി എം പ്രാദേശിക നേതാക്കളുടെ പ്രതിഷേധം. ഫേസ്ബുക്ക് വഴിയാണ് നേതാക്കള്‍ ആനി രാജയെ വിമര്‍ശിച്ചത്. കതിരൂരിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ആനി രാജയ്ക്ക് എതിരെ ഫേസ്ബുക്കില്‍ ആദ്യം പ്രതികരിച്ചത്. ശബരിമല സ്ത്രീപ്രവേശന നിലപാടിനെ അനുകൂലിച്ച് ആനി രാജ നടത്തിയ പ്രസംഗത്തിലൂന്നി ആയിരുന്നു അധിക്ഷേപം.
ആനി രാജയുടെ ഫോണ്‍ നമ്ബര്‍ കിട്ടുമോയെന്നാണ് ഫേസ്ബുക്കില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ചോദ്യമെത്തിയത്. അതിന് താഴെയായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സി പി എം പ്രതിനിധിയും സ്ഥിരംസമിതി അദ്ധ്യക്ഷനുമായ രമേശ് കണ്ടോത്തും പ്രതികരിച്ചു. ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം നേതാവായതാണ് ആനിയെന്നാണ് രമേശ് കമന്റ് ചെയ്തത്. എപ്പോള്‍, എവിടെ, എന്തു പറയണമെന്ന വിവേകമില്ല എന്നും രമേശ് കുറിച്ചു.
അതേസമയം, മുന്നണിബന്ധം നോക്കാതെ നേതാവിനെ ആക്ഷേപിച്ച് നടത്തിയ പ്രതികരണത്തില്‍ സി പി ഐ നേതൃത്വത്തിന് പ്രതിഷേധമുണ്ട്. വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന പാരമ്ബര്യമാണ് ആനിയുടേതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. കതിരൂരില്‍ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ആനി രാജ സംസാരിച്ചിരുന്നു.