ബിജെപി എംഎല്‍എയ്ക്ക് നേരെ ഗുണ്ടാ ആക്രമണം ആസൂത്രിതം; ഭാരതീയ കിസാന്‍ യൂണിയന് നേതാവ് അടക്കം 21 പേര് പിടിയില്‍
ന്യുഡൽഹി : പഞ്ചാബ് ബിജെപി എംഎല്‍എയ്ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ 21 പേര് അറസ്റ്റില്‍. അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിനെയാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഇവര്‍ ഭാരതീയ കിസാന്‍ യൂണിയന് മുക്തസാര്‍ അദ്ധ്യക്ഷന്‍ സുഖ്ദേവ് സിങ്ങും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
മാര്‍ച്ച് 27 നാണ് അരുണ്‍ നാരംഗിന് നേരെ ആക്രമണമുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രസ്സ് ക്ലബ്ബിലേക്ക് എത്തുന്നതിനിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ പേരില്‍ പോലീസ് നോക്കിനില്‍ക്കെ എംഎല്‍എയുടെ വാഹനം ഒരു സംഘം പ്രതിഷേധക്കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
ഇവരുമായി സംസാരിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ എംഎല്‍എയുടെ നേരെ കരി ഓയില്‍ ഒഴിക്കുകയും, ഷര്‍ട്ട് വലിച്ചു കീറുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 300 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം എംഎല്‍എയ്ക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.