കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നിര്‍മാണം അവസാനഘട്ടത്തിലേക്ക്
കാഞ്ഞങ്ങാട്:തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന് മുകളില്‍ ഗര്‍ഡര്‍ ഘടിപ്പിക്കാനുള്ള പ്രവൃത്തി തുടങ്ങി. മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലം വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു ഈ റെയില്‍വേ മേല്‍പാലം. സ്ഥലമെടുപ്പുള്പ്പെടെ 36 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു ക്രെയിന്‍ ഉപയോഗിച്ച് കിഴക്കുഭാഗത്തുളള മേല്പ്പാലത്തൂണിനു സമീപത്തേക്ക് ഗര്‍ഡറുകള്‍ നീക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയില്‍വെ ഇലക്ട്രിക് ലൈന്‍ ഓഫാക്കിയാണ് ജോലി നടത്തിയത്. പാലത്തിന്റെ 80 ശതമാനം ജോലിയും നേരത്തേ പൂര്‍ത്തിയാക്കിയതാണ്. തൃശിനാപ്പള്ളിയിലെ റെയില്‍വേ ഫാക്ടറിയില്‍ നിര്‍മിച്ച ഗര്‍ഡറുകള്‍ നേരത്തേ ഇറക്കിയ സ്ഥലത്തുനിന്ന് പാലത്തിനു സമീപത്തേക്കു മാറ്റുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്.
ഈ മാസം പത്തോടെ ഗര്‍ഡറുകള്‍ ഉയര്‍ത്തി പാലത്തിനു മുകളില്‍ സ്ഥാപിക്കും. മെയ് അവസാനത്തോടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തിയാകും. പത്തു മീറ്റര്‍ വീതിയിലും അഞ്ഞൂറു മീറ്റര്‍ നീളത്തിലുമായി ആവിക്കര ഭാഗത്തെയും കോട്ടച്ചേരി ഭാഗത്തെയും അപ്രോച്ചു റോഡുകളുടെ പണിയും പൂര്‍ത്തിയായി. ഈ ഭാഗങ്ങളില്‍ മെറ്റല്‍ വിരിച്ച് ടാറിങ്ങിന്റെ പണി കൂടി പൂര്‍ത്തിയായാല്‍ ഗതാഗതം തുടങ്ങാം.