തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം നാല് ദിവസം പിന്നിടുന്നു. കുട്ടി വീണു കിടക്കുന്ന കുഴല്‍കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച് താഴെ എത്തിച്ച തുരങ്കം നിര്‍മ്മിക്കാനാണ് ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാല്‍ മറ്റ് സാധ്യതകള്‍ ഉപേക്ഷിച്ചു. നാളെ പുലര്‍ച്ചയോടെ കുട്ടിയെ പുറത്ത് എത്തിക്കാനാകുമെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.
കാഠിന്യമേറിയ പാറകള്‍ കണ്ടതോടെ മന്ദഗതിയിലായ രക്ഷാപ്രവര്‍ത്തനം വൈകിട്ടോടെ വേഗത കൈവരിച്ചിട്ടുണ്ട്. പാറകെട്ടുകളിലൂടെ 67 അടിയോളം താഴ്ചയില്‍ മൂന്ന് കുഴല്‍ കിണറുകള്‍ തുരന്നാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം മുന്നോട്ട് നീങ്ങുന്നത്. ഇതോടെ പാറ പൊട്ടിച്ച് ആഴം കൂട്ടുന്നത് എളുപ്പമായി.
98 അടി താഴ്ചയില്‍ എത്തിയാല്‍ കുട്ടിയുടെ അടുത്തേക്ക് മണ്ണ് ഗ്രില്‍ ചെയ്ത് പോകാനുള്ള മെഷീനും എത്തിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചയോടെ കുട്ടിയെ പുറത്ത് എത്തിക്കാനായേക്കും എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. കുഴല്‍ കിണറിന് സമീപത്ത് മറ്റൊരു വഴി തുരക്കാന്‍ ശ്രമിച്ചെങ്കിലും ജിയോളജി വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇത് പിന്നീട് ഉപേക്ഷിച്ചു. നൂറ് അടിയോളം താഴ്ചയിലാണ് നാല് ദിവസമായി രണ്ടര വയസ്സുകാരന് സുജിത്ത് കുടുങ്ങി കിടക്കുന്നത്. കുട്ടിക്ക് ട്യൂബിലൂടെ ഓക്സിജന്‍ നല്കുന്നു. ഇന്നലെ പുലര്‍ച്ചെ കുട്ടി കൈ അനക്കിയെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.