ബിഹാറില്‍ വിളഞ്ഞ ഈ പച്ചക്കറി പൊന്നാണ്; കിലോയ്ക്ക് ഒരു ലക്ഷം രൂപ
ബിഹാര്‍:പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ ഇതിനൊക്കെ തീവിലയായല്ലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. വില കേട്ട് അന്തം വിട്ട് നാളെ വാങ്ങിക്കാം എന്നു കരുതി തിരിച്ചു വരുന്നവരും ധാരാളം. കിലോയ്ക്ക് നൂറു രൂപയൊക്കെ ആകുമ്പോള്‍ എന്തു വിലയാണ് എന്നതാകും നമ്മുടെ ചിന്ത തന്നെ.
എന്നാല്‍ ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള പച്ചക്കറി വിളവെടുക്കുന്നുണ്ട് ഇപ്പോള്‍ ബിഹാറില്‍. പേര് ഹോപ് ഷൂട്ട്സ്. അമ്രേഷ് സിങ് എന്നയാളാണ് ഹോപ് ഷൂട്ട്സ് കൃഷി ചെയ്യുന്നത്. ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഈ പച്ചക്കറിക്ക് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. ലോകത്ത് ഏറ്റവും വിലയുള്ള പച്ചക്കറി. ഇന്ത്യന്‍ കര്‍ഷകനെ തന്നെ ഇതു മാറ്റി മറിക്കും’ എന്നാണ് അവര്‍ കുറിച്ചത്.
ഔറംഗബാദ് ജില്ലയിലെ കരംനിധ് ഗ്രാമവാസിയാണ് 38കാരനായ അമ്രേഷ് സിങ്ങ്. വാരാണസിയിലെ ഇന്ത്യന്‍ വെജിറ്റബ്ള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നന്നാണ് ഇദ്ദേഹം ഇതിന്റെ തൈകള്‍ വാങ്ങിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന് ഡോ. ലാലിന്റെ മേല്‍നോട്ടത്തിലായിരുന്നു കൃഷി.
എന്താണ് ഇത്രയും വില?
ഈ ചെടിയുടെ എല്ലാം ഉപയോഗപ്രദമാണ് എന്നതാണ് ആദ്യത്തെ കാര്യം. പഴം, പൂവ്, തണ്ട് എന്നിവയെല്ലാം. ബീര്‍ നിര്‍മാണത്തിന് ഇതുപയോഗിക്കുന്നുണ്ട്. ക്ഷയരോഗത്തിനുള്ള പ്രതിവിധി എന്ന നിലയിലും അത്യുത്തമമാണ്. ഇതില്‍ കാണപ്പെടുന്ന ആന്റിയോക്സിഡന്റ് സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിക്കുന്നുണ്ട്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മര്‍ദം എന്നിവയ്ക്കെതിരെയുള്ള മരുന്നുകളുണ്ടാക്കാനും സസ്യം ഉപയോഗിക്കുന്നു.
പ്രത്യേക ഓര്‍ഡര്‍ നല്കിയാല് മാത്രമേ ഹോപ് ഷൂട്ട് വാങ്ങാനാകൂ. ബ്രിട്ടന്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇത് കൃഷി ചെയ്യുന്നത്. നേരത്തെ ഹിമാചല്‍ പ്രദേശില്‍ കൃഷി ചെയ്തിരുന്നു എങ്കിലും വിപണി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.