ഹൈദരാബാദ്: അമ്മയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ മൂന്ന് ദിവസം ഒളിപ്പിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇതിന് ശേഷം പെണ്‍കുട്ടി മൂന്ന് ദിവസം മൃതദേഹം സൂക്ഷിച്ച വീട്ടില്‍ കാമുകനൊപ്പം താമസിക്കുകയും ചെയ്തു.
ഹൈദരാബാദ് ഹയാത്ത് നഗറിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഒക്ടോബര്‍ 25നാണ് കൊല്ലപ്പെട്ട രജിതയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് ഇത് രജിതയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ മകള്‍ കീര്‍ത്തി റെഡ്ഡിയെയും കാമുകന് ശശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളെ സംശയം തോന്നിയ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
ട്രക്ക് ഡ്രൈവറായ പിതാവ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാനുണ്ടായിരുന്നില്ല. മകളുടെ മറുപടിയില്‍ ഇയാള്‍ക്ക് സംശയം തോന്നി. അമ്മയെ കാണാതായ ദിവസം വിശാഖപ്പട്ടണത്തായിരുന്നുവെന്നാണ് മകള്‍ കീര്‍ത്തി മൊഴി നല്‍കിയത്. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ കീര്‍ത്തി ഹൈദരാബാദില്‍ തന്നെയുണ്ടായിരുന്നതായി വ്യക്തമായി.
ശശിയുമായുള്ള ബന്ധത്തെ അമ്മ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാമുകനെ സഹായത്തിന് വിളിച്ച് ഇരുവരും അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വീട്ടിനുള്ളില്‍ ഒളിപ്പിച്ച് മൂന്ന് ദിവസം താമസിച്ചു. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
അച്ഛന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് കീര്‍ത്തി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി മകള്‍ സമ്മതിച്ചു. കാമുകന് കാല് പിടിച്ചുകൊടുക്കുകയും താന്‍ കഴുത്ത് ഞെരിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്കി.