21 വർഷങ്ങൾക്ക് ശേഷം ‘അച്ചുവും അമ്മയും’ വീണ്ടും കണ്ടുമുട്ടിയപ്പോൾ , തരംഗമായി പുത്തൻ ചിത്രം
മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍. സത്യന് അന്തിക്കാട് ചിത്രത്തിൽ ജയറാമിനൊപ്പം ലക്ഷ്മി ഗോപാലാസ്വാമി, കാവ്യ മാധവന്, ഇന്നസെൻ്റ്, ഭാനുപ്രിയ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2000ൽ പ്രദർശനത്തിനെത്തിയ സിനിമ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തിൽ ജയറാമിൻ്റെ മകനായിട്ടായിരുന്നു കാളിദാസും ചിത്രത്തിലെത്തിയത്.
സി.വി. ബാലകൃഷ്ണനായിരുന്നു ചിത്രത്തിൻ്റെ കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത്. സത്യൻ അന്തിക്കാടായിരുന്നു ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. ഇപ്പോൾ ചിത്രം വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ചിത്രത്തിൽ തൻ്റെ മകനായി അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനായ യുവതാരമായി മാറിയ കാളിദാസിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടി.
ഇപ്പോഴിതാ, ചിത്രം റിലീസ് ചെയ്ത് 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ‘അച്ചുവും അമ്മയും’ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നത്. പുതിയ സിനിമയുടെ ലൊക്കേഷനിലാണ് കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയത്. ‘ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ എന്റെ മകനായി അരങ്ങേറ്റം കുറിച്ച എന്റെ പ്രിയപ്പെട്ട കാളിദാസിനെ 21 വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി’ എന്നാണ് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചിരിക്കുന്നത്. കാളിദാസിന് ഒരു ശോഭനമായ ഭാവി ആശംസിക്കുന്നു എന്നാണ് കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വീണ്ടും കണ്ടതിന്റെ സന്തോഷം ലക്ഷ്മി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.