ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ.
തിരുവനന്തപുരം : കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുൺ കൊലപാതകക്കേസിൽ അറസ്റ്റിലായ അഞ്ജു.ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുണിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ജു കുറ്റസമ്മതമൊഴിയിലാണ് ഭർത്താവിന്റെ അരും കൊലയുമായി ബന്ധപ്പെട്ട സത്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.അരുണിന്റെ ഭാര്യ അഞ്ജു (27) കാമുകൻ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസിൽ ശ്രീജു (ഉണ്ണി-36) എന്നിവർ ചേർന്നാണ് ഇക്കഴിഞ്ഞ 23ന് രാത്രി അരുണിനെ കൊലപ്പെടുത്തിയത്. കേസിൽ തെളിവെടുപ്പിനും കൂടുതൽ ചോദ്യംചെയ്യലിനും പൊലീസ് കസ്റ്റഡിയിലായ ഇരുവരും കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് സൂചന. തന്റെ സുഹൃത്തായ ശ്രീജുവുമായി അഞ്ജുവിനുണ്ടായ പരിധിവിട്ട അടുപ്പവും ഇതിനെ അരുണ് എതിർത്തതുമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായത്.ചെറുപ്പത്തിലേ തുടങ്ങിയ സൗഹൃദം
പഠനകാലം മുതലേ അഞ്ജുവും അരുണും പ്രണയത്തിലായിരുന്നു. 18 വയസ്സുള്ളപ്പോഴാണ് അഞ്ജു അരുണിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടർന്ന് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു അടുക്കുകയായിരുന്നു. അരുണിനെ കാണാൻ നിരന്തരം വീട്ടിൽ വരാറുണ്ടായിരുന്ന ശ്രീജുവുമായുള്ള സൗഹൃദത്തിൽ തുടക്കത്തിൽ അരുണിന് സംശയമൊന്നും തോന്നിയിരുന്നില്ല. പിന്നീട് ഇരുവരും കൂടുതൽ അടുത്തിടപഴകുകയും അധികനേരം സംസാരിക്കുകയും മറ്റും ചെയ്യുന്നതിൽ സംശയം തോന്നി ശ്രദ്ധിച്ചപ്പോഴാണ് വിവാഹിതനായ ശ്രീജുവിനോട് അഞ്ജുവിന് വഴിവിട്ട ബന്ധങ്ങളുള്ളതായി അരുണിന് ബോദ്ധ്യപ്പെട്ടത്. നിരന്തരമുള്ള ഫോൺ വിളികളും സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള സൗഹൃദവും ഇരുവരും തമ്മിൽ പിരിയാനാകാത്ത വിധത്തിലായി. ഇത് അരുണും അഞ്ജുവും തമ്മിൽ കലഹത്തിന് കാരണമായി. അരുണിന്റെ വിലക്ക് ലംഘിച്ച് അഞ്ജുവും ശ്രീജുവും കൂടിക്കാഴ്ചകൾ നടത്തുകയും പലയിടത്തും യാത്രപോകുകയും ചെയ്തതായി അരുൺ മനസിലാക്കിയതോടെ ഇരുവരും തമ്മിൽതെറ്റി.അരുണിനൊപ്പം കഴിയവേ ശ്രീജുവുമായുള്ള സ്നേഹവും സൗഹൃദവും തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയ അഞ്ജു ആനാട് നിന്ന് വലിയമ്മയായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ സരോജത്തിന്റെ വീട്ടിലേക്ക് മകളുമായി താമസമാക്കി.ആഴ്ചയിലൊരിക്കലെത്തുന്ന അരുൺ
ഭാര്യയും മകളും പിണങ്ങിപ്പോയതോടെ ജോലി സ്ഥലമായ തിരുവനന്തപുരം നഗരത്തിൽ നിന്ന് ആഴ്ചയിലൊരിക്കലാണ് എ.സി മെക്കാനിക്കായ അരുൺ വീട്ടില് വരാറുള്ളത്. ഇക്കഴിഞ്ഞ 23ന് രാത്രി ജോലികഴിഞ്ഞുവരും വഴി അരുണിന് മകളെ കാണണമെന്ന് തോന്നിയാണ് കുളപ്പടയിലെ അഞ്ജുവിന്റെ വലിയമ്മയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തുമ്പോൾ ശ്രീജുവിന്റെ ബൈക്ക് വീടിന് പുറത്തിരിക്കുന്നത് കണ്ട അരുണിന് ശ്രീജു വീട്ടിലുണ്ടാകുമെന്ന സംശയംതോന്നി. ഇതേത്തുടർന്ന് അരുണും ഭാര്യയും തമ്മിൽ വാക്കേറ്റമായി. അരുണിനെ കണ്ടയുടൻ വീട്ടിൽ കയറി ഒളിച്ച ശ്രീജുവിനെ അരുൺ പിടികൂടിയതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി. ശ്രീജു വീട്ടിൽ വരുന്നതിനെ അരുൺ നേരത്തേതന്നെ വിലക്കിയിരുന്നു. അരുണിനെ എങ്ങനെയും ഒഴിവാക്കി ശ്രീജുവിനൊപ്പം ജീവിക്കണമെന്ന് മോഹത്തിലായിരുന്നു അഞ്ജു.നിലത്തുവീണ കത്തി അഞ്ജു കൈക്കലാക്കി
ഭർത്താവും സുഹൃത്തുമായി തന്നെച്ചൊല്ലി അടികൂടുന്നത് തുടക്കത്തിൽ കണ്ടുനിന്ന അഞ്ജു അരുണിനെ നേരിടാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു. അടിമൂത്തതോടെ ശ്രീജുവിനെ ആക്രമിക്കാൻ അരുൺ കത്തിയെടുത്ത് പാഞ്ഞുവന്നെങ്കിലും ശ്രീജുവിന്റെ പ്രതിരോധത്തിൽ കത്തി എങ്ങനെയോ നിലത്തുവീണു. കാമുകനെ രക്ഷിക്കാനായി നിലത്തുവീണ കത്തി അഞ്ജു കൈക്കലാക്കി. അടിപിടിയ്ക്കും ഇന്തിനും തള്ളിനുമിടയിൽ അരുണിനെ എങ്ങനെയും ഇല്ലാതാക്കണമെന്നാഗ്രഹിച്ച ശ്രീജു നിന്നെക്കൊല്ലുമെന്ന് വിളിച്ചുകൂവുന്നതിനിടെയിലാണ് അഞ്ജു ആയുധമായി കത്തി കൈമാറിയത്.കൊലപാതകത്തിന്റെ ഉത്തരവാദിത്തം അഞ്ജു ഏറ്റെടുത്തു
കത്തി കൈയിൽ കിട്ടിയ ശ്രീജുവാകട്ടെ കാമുകിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഉറ്റസുഹൃത്തിന്റെ നെഞ്ചിലേക്ക് കത്തി ആഞ്ഞുകുത്തിയിറക്കി. കുത്തുകൊണ്ട് അരുൺ പിടയുകയും പരിസരവാസികൾ ഓടിക്കൂടുകയും ചെയ്യുന്നതിനിടെ ശ്രീജുവിനെ സുരക്ഷിതനായി മടങ്ങിപ്പോകാൻ അനുവദിച്ച അഞ്ജു താനാണ് അരുണിനെ കൊന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും മകളുടെയും വലിയമ്മയുടെയും മൊഴികൾ വഴിത്തിരിവാകുകയായിരുന്നു. അരുണിനെ ഇല്ലാതാക്കി കാമുകനായ ശ്രീജുവിനൊപ്പം കഴിയണമെന്ന അഞ്ജുവിന്റെ അതിമോഹമാണ് രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ കൊലപാതകത്തിനും ജയിൽവാസത്തിനും നിമിത്തമായത്.