2224 സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് മുക്കിയെന്ന് സ്വര്‍ണക്കടത്ത് മാഫിയയുമായി ബിജെപി കസ്റ്റംസ് ഉന്നതര്‍ക്ക് ബന്ധം
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാന്‍ കള്ളക്കഥ മെനയുന്ന കസ്റ്റംസ് കേരളത്തിലെ വിമാനത്താവളങ്ങള്‍വഴിയുള്ള 2224 സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മരവിപ്പിച്ചു. 374.52 കോടിരൂപ മൂല്യമുള്ള 1327 കിലോസ്വര്‍ണം പിടികൂടിയതിന് ആറു വര്‍ഷത്തിനിടെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അട്ടിമറിച്ചത്. സ്വര്‍ണക്കടത്ത് മാഫിയയുമായി കേരളത്തിലെയും ഗുജറാത്തിലെയും ചില ബിജെപി നേതാക്കള്‍ക്കും കസ്റ്റംസ് ഉന്നതര്‍ക്കുമുള്ള ബന്ധമാണിതിന് കാരണം.
2015 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി 28 വരെ 1327 കിലോ സ്വര്‍ണം നാല് വിമാനത്താവളത്തില്‍നിന്ന് പിടികൂടിയെന്ന് വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലയ്ക്ക് വിവരാവകാശപ്രകാരം കസ്റ്റംസ് അസി. കമീഷണര്‍ ആര് ആര് ഗോസ്വാമി മറുപടി നല്കി. 2019-20ലാണ് കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. 533 കിലോ. 799 കേസും രജിസ്റ്റര്‍ ചെയ്തു. 2020-21 ഫെബ്രുവരിവരെ മാത്രം 195.34 കിലോ സ്വര്‍ണം പിടികൂടി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍ നടപടിയെക്കുറിച്ച് കസ്റ്റംസ് മൗനം പാലിക്കുന്നു. ഒരു കേസിലും കാരിയര്‍ അല്ലാതെ യഥാര്ഥകണ്ണി പിടിയിലായിട്ടുമില്ല.
കടത്തുന്ന സ്വര്‍ണത്തില്‍ കൂടുതലും ഗുജറാത്തിലെ മാര്‍വാഡികള്‍ക്കാണ് എത്തുന്നത്. ഇവരില്‍ മിക്കവര്‍ക്കും ബിജെപി ബന്ധമുണ്ട്. അതിനാലാണ് അന്വേഷണം ആ വഴിക്ക് നീങ്ങാത്തത്. വിവാദമായ നയതന്ത്രബാഗേജുവഴിയുള്ള സ്വര്‍ണക്കടത്ത് കേസിലും മുഖ്യകണ്ണികളെ കസ്റ്റംസ് തൊട്ടിട്ടില്ല. 15 കോടിരൂപ മൂല്യമുളള 30 കിലോ സ്വര്‍ണം പിടിച്ച കേസില്‍ എന്‍ഐഎ, കസ്റ്റംസ്, ഇഡി തുടങ്ങിയവര്‍ ഒമ്പത് മാസമായി അന്വേഷിച്ചിട്ടും ഇതിന്റെ ഉറവിടവും അവസാന കണ്ണിയും കണ്ടെത്തിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തിയതില്‍ മൂന്ന് സുപ്രണ്ടുമാര്‍ ഉള്‍പ്പെടെ 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം സിബിഐ കണ്ടെത്തിയിരുന്നു.