പിരിവ് നൽകാതെ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണി പിടി തോമസിന്റെ പ്രചാരണത്തിന് 5000 രൂപ വേണമെന്ന് കോൺഗ്രസ് പ്രവർത്തകർ , കൊറോണ ആയതുകൊണ്ട് കച്ചവടമില്ലന്ന് പറഞ്ഞ മൽസ്യത്തൊഴുലാളിയുടെ മീൻകട തല്ലിത്തകര്ത്തു
കൊച്ചി: കോൺഗ്രസ് നേതാവ് പിടി തോമസ് മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകാത്തതിനെത്തുടർന്ന് മീൻകട തല്ലി തകർത്തു. യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തു.അയ്യായിരം രൂപ പിരിവ് ചോദിച്ചപ്പോൾ നൽകാനാവില്ലെന്നു പറഞ്ഞതാണ് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. മീൻ പെട്ടികൾ വലിച്ചെറിഞ്ഞായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. സ്ഥലത്തെ യൂത്ത് കോൺഗ്രസ് നേതാവായ മൻസൂർ പാടിവട്ടത്തിന്റെ നേതൃത്വത്തിലാണ് ആക്രമം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഥിരമായി പിരിവ് നൽകാറുണ്ടെന്നും ഇക്കുറി വലിയ തുക ചോദിച്ചതുകൊണ്ടാണ് നൽകാതിരുന്നതെന്നും മീൻകട ജീവനക്കാരൻ അപ്പു പറഞ്ഞു. “എന്നോട് ആയ്യാരം രൂപ വേണമെന്ന് പറഞ്ഞു. മുതലാളിയെ വിളിച്ച് ചോദിക്കാൻ പറഞ്ഞു. മുതലാളിയെ വിളിച്ച ശേഷം അദ്ദേഹം മീൻ അടങ്ങിയ പെട്ടികൾ വലിച്ചെറിയുകയായിരുന്നു. കൊറോണ ആയതുകൊണ്ട് കച്ചവടമില്ല. അതിനു മുമ്പേ പിരിവിന് വന്നാൽ പണം കൊടുക്കുന്നതായിരുന്നു. ഇത്തവണ അയ്യായിരം തരാനാവില്ല, ഉള്ളത് തരാമെന്ന് പറഞ്ഞതാണ്.” അപ്പു പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ പാടിവട്ടം ജംങ്ഷനിലാണ് സംഭവം നടന്നത്. പിരിവ് നൽകാതെ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് മൻസൂർ പറഞ്ഞതായി അപ്പു പറയുന്നു. മുതലാളി വന്ന് സംസാരിച്ചതിനു ശേഷം മാത്രം കട തുറന്നാൽ മതിയെന്നാണ് മൻസൂർ പറഞ്ഞതെന്നും അപ്പു പറഞ്ഞു.