പാലത്തിനടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സനുമോഹന്റേതോ? സംശയം തീർക്കാനുള്ള അവസാന ശ്രമത്തിൽ പൊലീസ്, ദുരൂഹത ഒഴിയുന്നില്ല
കൊച്ചി: വൈപ്പിൻ പാലത്തിനടിയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോഗുലം ഹാർമണി ഫ്ലാറ്റിൽനിന്ന് കാണാതായ സനു മോഹന്റേതാണെന്ന സംശയത്തിൽ പൊലീസ്. തിരിച്ചറിയാനാവാത്ത വിധം ജീർണിച്ച മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ ബന്ധുക്കളെ കാണിച്ച് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലുള്ള മൃതദേഹം തിരിച്ചറിയാൻ വിശദ പരിശോധന വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.ഫ്ലാറ്റിൽ നിന്ന് സ്വന്തം കാറിൽ മകൾ വൈഗയോടൊപ്പം പുറത്തുപോയ സനുമോഹൻ എവിടെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. മകൾ വൈഗയെ കഴിഞ്ഞ 21ന് മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സനുവിന്റെ കാർ പാലക്കാട് വാളയാർ അതിർത്തി കടന്നതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വാഹനം ഓടിച്ചത് സനുവാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സനുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾ പണം നൽകാനുള്ള ആരെങ്കിലും കാറുമായി കടന്നു കളഞ്ഞതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.മകളെ കൊലപ്പെടുത്തിയശേഷം കടന്നു കളഞ്ഞതാണെന്ന സംശയത്തിൽ പൊലീസ് സനുവിന്റെ രേഖാ ചിത്രങ്ങൾ തയാറാക്കി പുറത്തു വിട്ടിട്ടുണ്ട്. ആ നിലയ്ക്കുള്ള ശ്രമത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ തിരുവനന്തപുരം പൂവാറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പരിശോധിച്ചെങ്കിലും അത് സനുവിന്റേതല്ലെന്ന് വ്യക്തമായി.സനുമോഹന് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അക്കൗണ്ടിൽ വൻ തുക ഉണ്ടെന്നാണ് സനു പറഞ്ഞിരുന്നത്. ഇതും കളവാണെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ട് മാസമായി സനു മോഹന്റെ പെരുമാറ്റത്തില് ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോടു കാര്യമായി സംസാരിച്ചിരുന്നില്ലെന്നുമാണ് ഭാര്യയുടെ മൊഴി.സനുവിന്റെയും ഭാര്യയുടെയും ഫോൺവിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ്.