തിരുവനന്തപുരം: വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്മാന്
അഡ്വ. രാജേഷിനെ മാറ്റി. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്മാന് ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെകെ ശൈലജ അടക്കം രംഗത്തെത്തിയത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിരുന്നു. വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ. എന്‍ രാജേഷായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ അഡ്വ.രാജേഷിനെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. എന്നാല്‍ നടപടി വിവാദമായതോടെ രാജേഷ് കേസ് മറ്റ് അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു.
പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ രാജേഷ് കൂട്ടു നിന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജേഷിനെതിരായ നടപടി.