ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപിയില്‍ നിന്നും 10 കോടി വാങ്ങി; കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായാ സമീര്‍ അഹമ്മദ് ,
ബെംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബസവ കല്യാണ്‍ നിയമസഭാ മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എച്ച്.ഡി കുമാരസ്വാമി ബി.ജെ.പിയില്‍ നിന്നും പത്ത് കോടി രൂപ വാങ്ങിയെന്ന് ആരോപണം. കോണ്‍ഗ്രസിനെ വീഴ്ത്താനാണ് നീക്കമെന്നാണ് ആരോപണം. നേരത്തേ ഈ മണ്ഡലത്തില്‍ ജെഡിഎസിന് സ്ഥാനാര്‍ത്ഥിയില്ലെന്ന് പ്രഖ്യാപിച്ചയാളാണ് കുമാരസ്വാമി.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത് മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയും സമീര്‍ അഹമ്മദ് ആണ്. അതേസമയം ആരോപണം കുമാരസ്വാമി തള്ളി. കഴിഞ്ഞ സെപ്റ്റംബറില്‍ കൊവിഡ് ബാധിച്ച് നിയമസഭാംഗമായ ബി നാരായണ റാവു മരണപ്പെട്ടതിനെ തുടര്‍ന്നാണ് ബസവകല്യാണില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും കര്‍ണാടകയിലെ ഒരു ലോക്സഭാ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നത് ജെഡിഎസിനെ പ്രതിരോധത്തിലാക്കി.
ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തുന്നില്ലെന്ന് ജെ.ഡി.എസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബസവാകല്യാണ് പുറമേ ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളായ മാക്സി, ബെല്‍ഗാം എന്നിവിടങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ജെ.ഡി.യു എടുത്തിരിക്കുന്ന തീരുമാനം കുമാരസ്വാമി പണം കൈപ്പറ്റിയതിന്റെ ഭാഗമാണെന്നും സമീര്‍ ആരോപിച്ചു.
ബി.ജെ.പിയില്‍ നിന്ന് 10 കോടി രൂപ സ്വീകരിച്ചതോടെയാണ് കുമാരസ്വാമിയ്ക്ക് മനംമാറ്റം ഉണ്ടായതെന്നും ഇവിടെ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നും ആരോപിച്ചിട്ടുണ്ട്. കുമാരസ്വാമി ബി.ജെ.പിയുടെ ഏജന്റായി മാറിയിരിക്കുകയാണെന്നും ഒരു മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം ഈ നിലയിലേക്ക് അധ:പതിക്കരുതെന്നും സമീര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളോട് പ്രതികരണവുമായി ജെ.ഡി.എസും രംഗത്ത് എത്തി.
ജെഡിഎസ് വക്താവ് തന്‍വീര്‍ അഹമ്മദ് ആരോപണങ്ങളെല്ലാം തള്ളി. വായില്‍ തോന്നുന്ന എന്തും വിളിച്ചു പറയുന്നയാളാണ് സമീര്‍ എന്നും നേരത്തേ തങ്ങളുടെ സ്ഥാനാര്‍ത്ഥി ആയിരുന്നയാളും മൂന്ന് തവണ എംഎല്‍എ ആയിരുന്നയാളുമാണ് സമീര്‍. അന്ന് ഞങ്ങള്‍ക്ക് എവിടുന്നായിരുന്നു പണം ലഭിച്ചത് എന്ന് സമീര്‍ പറയുമോ എന്നും ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കായി പോരാടാനുള്ള അടിസ്ഥാനം പോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് അവര്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമെന്നും പറഞ്ഞു. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും വോട്ടെണ്ണല്‍ മെയ് 2 നുമാണ് നടക്കുന്നത്.