പാലാ നഗരസഭയിൽ സി പി എം – കേരള കോൺഗ്രസ് എം കൗൺസിലർമാർ ഏറ്റുമുട്ടി, തമ്മിൽ തല്ലിയത് ഭരണപക്ഷ അംഗങ്ങൾ
കോട്ടയം: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. സിപിഎം കേരള കോൺഗ്രസ് എം അംഗങ്ങളാണ് തമ്മിലടിച്ചത്. സംഭത്തിൽ കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സി പി എം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനും പരിക്കേറ്റു. ഇരുവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഭരണത്തിലേറിയത് മുതൽ ഇരുകക്ഷികളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു തർക്കം ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗൺസിൽ കൂടുന്നതിനിടെ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതിലെ നിയമപ്രശ്നം പ്രശ്നം സിപിഎം കൗൺസിലർ ഉന്നയിച്ചു. ഇതിനെ എതിർത്ത് കേരള കോൺഗ്രസ് കൗൺസിലർ എത്തുകയും പിന്നീട് വാക്ക് തർക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള തർക്കം മുന്നണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നേതാക്കൾ ഇടപെട്ട് തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.