45നുമേല്‍ പ്രായമായവര്‍ക്ക് നാളെമുതല്‍ കോവിഡ് വാക്സിന്
തിരുവനന്തപുരം: 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വ്യാഴാഴ്ച തുടങ്ങും. ദിവസം രണ്ടരലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തും വാക്സിനേഷന്‍കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, പെന്ഷന് പാസ്ബുക്ക്, എന്‍.പി.ആര്. സ്മാര്‍ട്ട് കാര്‍ഡ്, വോട്ടര്‍ ഐ.ഡി. എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍കാര്‍ഡ് കൈയില്‍ കരുതണം. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാലുപേര്‍ക്കുവരെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേര് ആദ്യഡോസ് മരുന്ന് സ്വീകരിച്ചുകഴിഞ്ഞു. അതില്‍ 3,87,453 പേര് രണ്ടാം ഡോസും സ്വീകരിച്ചു.