ഉദുമയിൽ എൽ ഡി എഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പുവിന്റെ വിജയം ജനം ഉറപ്പിച്ചതായി മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്
കാസര്‍കോട് :നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്ന ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി. എച്ച് കുഞ്ഞമ്പുവിന്റെ വിജയം ജനങ്ങള്‍ ഉറപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.
പോസ്റ്റില്‍ പിണറായി ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ കുറിച്ചു :
”കേരളത്തില്‍ എല്ലായിടത്തും ലഭിച്ച ആവേശകരമായ സ്വീകരണം പെരിയയിലും ജനങ്ങള്‍ നല്കി. ഇടതുപക്ഷ ഭരണം തുടരണമെന്ന് അവര്‍ അതിയായി ആഗ്രഹിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച് കുഞ്ഞമ്പുവിന്റെ വിജയം അവര്‍ ഉറപ്പിച്ചിരിക്കുന്നു”.
ഉദുമ മണ്ഡലത്തിലെ എല്‍ ഡി എഫ് റാലിയില്‍ അണിനിരണ ജനക്കൂട്ടം തുടര്‍ ഭരണത്തിനുള്ള അംഗീകാരമായാണ് മുഖ്യമന്ത്രി വിലയിരുത്തിയത്.
സംഘാടകരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് റാലിയില്‍ വന്‍ ജനാവലി അണിനിരന്നത്. ഇത് രാഷ്ട്രീയ എതിരാളികളില്‍ നടുക്കം സൃഷ്ടിച്ചു. ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ വലിയ വികസന മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫ് മികച്ച പ്രകടനമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്.
അഡ്വ.കെ പുരുഷോത്തമൻ, പി രാഘവൻ, കെ വി. കുഞ്ഞിരാമൻ, നിലവിൽ കെ കുഞ്ഞിരാമൻ എന്നിവരാണ് ഉദുമയെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ഇപ്പോൾ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സി എച്ച് കുഞ്ഞമ്പു മണ്ഡലത്തിലെ ബേഡഡുക്ക പഞ്ചായത്തിലെ ബീമ്പുങ്ങാൽ സ്വദേശിയാണ്.2006ൽ നിയമസഭയിൽ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.