രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയില്‍ തന്നെ നടത്തുംനിലപാട് പിന്‍വലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
കൊച്ചി: നിലവിലെ നിയമസഭയുടെ കാലാവധിയില്‍ തന്നെ കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അഭിഭാഷകന്റെ നിലപാട് ഹൈക്കോടതി രേഖപ്പെടുത്തി.
നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്. മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്ന 21ന് മുന്‍പ് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലമുള്ള വിശദീകരണം തേടി.
എന്നാല്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനാവുമെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്. ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം 19 ദിവസം ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 21ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങേണ്ടിയിരിക്കുന്നു. അതിന് ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്നത് സംബന്ധിച്ച് ഉറപ്പ് നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷനും സാധിക്കാത്തതെന്ന് അഭിഭാഷകന് വ്യക്തമാക്കി.
ഹര്‍ജികള്‍ ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.