സംസ്ഥാനത്ത് ഇരട്ടവോട്ടുകൾ 38,586 മാത്രം; വോട്ടർ പട്ടിക ഇനി മാറ്റാനാകില്ലെന്നും ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ടുകൾ 38,586 മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ ഹർജിയിൽ വിശദീകരണമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരം അറിയിച്ചത്. 4,30,000ത്തോളം ഇരട്ട-കളള വോട്ടുകൾ ഉണ്ടെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.ബിഎൽഒമാർ പരിശോധന നടത്തി കണ്ടെത്തിയത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണെന്ന് കമ്മീഷൻ പറയുന്നു. ഇരട്ട വോട്ടുളളവരുടെ വിവരം പ്രിസൈഡിംഗ് ഓഫീസർമാർക്ക് ബിഎൽഒമാർ കൈമാറും. വോട്ടർപട്ടികയിൽ ഇരട്ടവോട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്ത് സൂക്ഷിക്കാൻ കമ്മീഷന് ബാദ്ധ്യതയുണ്ടെന്നും നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ ഇനി വോട്ടർ പട്ടികയിൽ മാറ്റം സാദ്ധ്യമല്ലെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്.ഇരട്ടവോട്ടുളളവർക്ക് വോട്ട് ചെയ്യാൻ നാലിന നിർദ്ദേശങ്ങൾ പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് രേഖാമൂലം ബിഎൽഓമാർ വോട്ടറിൽ നിന്നും എഴുതി വാങ്ങണം, ഒരു വോട്ടേ രേഖപ്പെടുത്തിയിട്ടുളളുവെന്ന് രേഖാമൂലം എഴുതിവാങ്ങി ഇത് പ്രിസൈഡിംഗ് ഓഫീസർക്ക് കൈമാറണം, വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തിരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ ശേഖരിക്കണം എന്നീ നിർദ്ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് സമർപ്പിച്ചത്.