മെമുവും മേൽപ്പാലവും ഉറപ്പ് തരുന്നവർക്ക് ഞങ്ങടെ വോട്ട്:
എസ്.എൻ.ഡി.പി യോഗം ഉദുമ
യൂണിയൻ
പാലക്കുന്ന് : വടക്കൻ മേഖലയെ, പ്രത്യേകിച്ച് കാസറകോട് ജില്ലയെ പാടേ അവഗണിച്ചു കൊണ്ട് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന മെമു സർവിസ് മംഗലാപുരം വരെ നീട്ടണം. കോട്ടിക്കുളം റെയിൽവേ പ്ലാറ്റ്ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായുള്ള പാലക്കുന്നിലെ നിർദിഷ്ട മേൽപ്പാലം യഥാർഥ്യമാകാൻ നിലവിലുള്ള സാങ്കേതിക കുരുക്ക് ഒഴിവാക്കി പാലം നിർമാണം ഉടൻ ആരംഭിക്കണം .
ഈ രണ്ട് ആവശ്യങ്ങളും ഉന്നയിക്കുന്നത് എസ്.എൻ.ഡി.പി. യോഗം ഉദുമ യൂണിയനാണ്. പൊതു തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന സ്ഥാനാർഥികളോടാണ് ചോദ്യം. പരിഗണിക്കാം എന്നതിലുപരി ഉറപ്പു നൽകുന്നവർക്കായിരിക്കും തങ്ങളുടെ വോട്ട് എന്നാണ് യൂണിയൻ കൗൺസിൽ യോഗത്തിന്റെ തീരുമാനം. ബാലകൃഷ്ണൻ കേവീസ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ഉദയമംഗലം, യു. ശ്രീധരൻ, അജയൻ പടിഞ്ഞാർ, രാഘവൻ പള്ളിക്കര, ജയനന്ദൻ പാലക്കുന്ന് എന്നിവർ പ്രസംഗിച്ചു.