വിടുവായിത്തം പിള്ളേരോട് വേണ്ട,
24 മണിക്കൂര്‍ സമയം തന്നാല്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരെ കണ്ടെത്തിത്തരാം; ടിക്കാറാം മീണയെ വെല്ലുവിളിച്ച് ഐടി വിദഗ്ദ്ധന്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരട്ട വോട്ടിനെച്ചൊല്ലെ മുന്നണികള്‍ പോരടിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഇരട്ട വോട്ട് തടയാന്‍ പെട്ടെന്ന് സാധിക്കില്ലെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ടിക്കാറാം മീണ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഐടി വിദഗ്ദ്ധനായ റസല്‍ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇരട്ടവോട്ട് കണ്ടുപിടിച്ചുതരാമെന്ന് ടിക്കാറാം മീണയെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്.
വോട്ടര്‍മാരുടെ വിവരങ്ങള്‍ തന്നാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വ്യാജന്മാരെ കണ്ടെത്തത്തരാമെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. മലേഷ്യയിലെ സ്വകാര്യ കമ്ബനിയിലെ ഐടി ഉദ്യോഗസ്ഥനാണ് റസല്‍.
ഒരു ഫോട്ടോയിലെ പലവിധ ഐഡികള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.അതും നൂതന വിദ്യയുടെ ഇക്കാലത്ത്.ബൂത്ത് ലെവലിലുള്ള ഓഫീസര്‍മാര്‍ക്ക് വ്യാജ ഐഡികള്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. വ്യത്യസ്ത ജില്ലകളിലാണെങ്കില്‍ ബൂത്ത് ഓഫീസര്‍ക്കോ പോളിംഗ് ഓഫീസര്‍ക്കോ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല.ഇക്കാര്യമായിരിക്കാം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സൂചിപ്പിച്ചത്.
ഫോട്ടോ കംപാരിസണ് പോലുള്ള സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ച് ഒരേ മുഖവും വിവിധ വിലാസവുമുള്ള വ്യാജന്മാരെ ഈസിയായി കണ്ടെത്താം. വെറും എഴുപത് ഡോളര്‍ മാത്രം ചിലവാക്കി ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ വാങ്ങിക്കാവുന്നതാണെന്ന് റസല്‍ ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.