ഉറപ്പാണ് എൽ ഡി എഫ് പരസ്യങ്ങളിൽ കോളടിച്ചത് ഫേസ്ബുക്കിന്, ഒരാഴ്ചയ്ക്കിടെ വിവിധ പാർട്ടികളിൽ നിന്നും പരസ്യത്തിലൂടെ കിട്ടിയത് കോടികൾ..
തിരുവനന്തപുരം :എവിടെ തിരിഞ്ഞാലും നീ താൻ… എന്ന സിനിമാ ഡയലോഗ് പോലെയാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പരസ്യങ്ങൾ. റോഡിലിറങ്ങിയാൽ ചിരിതൂകി നിൽക്കുന്ന സ്ഥാനാർത്ഥിയുടെ പോസ്റ്ററും ഫ്ളക്സും, ഇത് പോരെങ്കിൽ മിനിട്ടുകളുടെ ഇടവേളകളിൽ കാതടപ്പിച്ച് പ്രചാരണ വാഹനങ്ങളും. എന്നാൽ ഇതിനെക്കാളും പണമൊഴുകുന്നത് ഇക്കുറി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ പൊടിപൊടിച്ചത്. ഇതിൽ കൂടുതൽ പണം ഒഴുക്കിയത് ഉറപ്പാണ് എൽ ഡി എഫ് എന്ന പരസ്യത്തിനായി ഇടതുപക്ഷമാണ്. എൽ ഡി എഫിന്റെ ഔദ്യോഗിക പേജായ എൽഡിഎഫ് കേരളയിലൂടെയാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നൽകിയത്. വിവിധ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവിൽ ഫേസ്ബുക്കിൽ പൊടിച്ചത്. ഫേസ്ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പരസ്യങ്ങൾക്കായി ‘എൽഡിഎഫ് കേരള’ പേജ് 9.34 ലക്ഷം ചിലവഴിച്ചപ്പോൾ കോൺഗ്രസ് കേവലം 61,223 രൂപയുടെ പരസ്യം മാത്രമാണ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ വരുമാനമാണ് വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്വന്തമാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ കൂടുതൽ തുക ഇക്കാര്യത്തിനായി ചിലവാക്കിയത് ബംഗാളാണ്. 2.2 കോടി രൂപയാണ് ഫേസ്ബുക്ക് ഇവിടെ നിന്നും സ്വന്തമാക്കിയത്.