സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, കുടൽ പൊട്ടി; നാലരവയസുകാരി ഗുരുതരാവസ്ഥയിൽ
മൂവാറ്റുപുഴ: ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നാലരവയസുകാരി ഗുരുതരാവസ്ഥയിൽ. മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശികളുടെ കുടുംബത്തിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.കടുത്ത വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെവച്ച് നടത്തിയ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.സർജറി വിഭാഗം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയുമാണ് ഇപ്പോൾ കുട്ടിയ്ക്കൊപ്പമുള്ളതെന്നാണ് സൂചന.കുറ്റകൃത്യത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഇവർ പറയുന്നത്. ദമ്പതികളുടെ രണ്ടു മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറുവേദന ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.അതേസമയം സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ അറിയിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.