പെരിയ ഇരട്ടക്കൊല: സിബിഐ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; പ്രതികളെ ചോദ്യം ചെയ്യുന്നു
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിചേര്‍ത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 11 പേരെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10 മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചുവരെ നീളും.
പ്രവൃത്തിദിവസങ്ങളില്‍ പകല്‍സമയത്ത് ജയില്‍ വച്ച് ചോദ്യംചെയ്യല്‍ നടത്തുന്നതിന്എറണാകുളം സിജെഎം കോടതിയാണ് സിബിഐ അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്. കേസിലെ മുഖ്യപ്രതിയായി കരുതുന്ന എ. പീതാംബരന് (54), സി.ജെ. സജി(51), കെ.എം. സുരേഷ് (27), കെ. അനില്‍കുമാര്‍ (33), എ. അശ്വിന് (20), ആര്. ശ്രീരാഗ് (22), ജി. ഗിജിന്‍ (26), എ. മുരളി(36), ടി. രഞ്ജിത്(24), പ്രദീപന് (38), എ. സുബീഷ്(29) എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ഇരട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന സിപിഎം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയും നിലവില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്, സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, രാവണേശ്വരം ആലക്കോട് സ്വദേശി മണി എന്നിവരെ സിബിഐ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്.