‘സര്‍വേകള്‍ യുഡിഎഫിനെ തകര്‍ക്കാനുള്ള നീക്കം’,തരംഗം എവിടെയെന്ന് മെയ് 2 ന് അറിയാമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ പ്രീ പോള്‍ സര്‍വേയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വേകള്‍ യുഡിഎഫിനെ തകര്‍ക്കാനുള്ള നീക്കമെന്ന് ആരോപിച്ച ചെന്നിത്തല തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാമെന്നും പറഞ്ഞു.
അതേ സമയം യുഡിഎഫിന് ആത്മവിശ്വാസം കൂടിയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സംസ്ഥാനത്ത് ഇടത് തരംഗമെന്ന് കടകംപള്ളി സുരേന്ദ്രനും ഇടത് മുന്നണിക്ക് അത്ഭുതകരമായ വിജയം ഉണ്ടാകുമെന്നും ആപത്ത് കാലത്ത് ചേര്‍ത്ത് പിടിച്ച സര്‍ക്കാരിനൊപ്പം ജനം നില്‍ക്കുമെന്ന് എം എം മണിയും പറഞ്ഞു. വിവാദങ്ങള്‍ ജനസ്വാധീനത്തെ ബാധിക്കില്ലെന്നായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. സര്‍വ്വേ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്ന്
പ്രതികരിച്ച പിജെ ജോസഫ്, യുഡിഎഫ് മികച്ച വിജയം നേടുമെന്നും കേരള കോണ്‍ഗ്രസ് പത്തില്‍ 10 സീറ്റും നേടുമെന്നും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് – സീഫോര്‍ പ്രീപോള്‍ സര്‍വേ എല്‍ഡിഎഫിന് വന്‍വിജയവും ഭരണതുടര്‍ച്ചയുമാണ് പ്രവചിച്ചത്. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. നാല് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ഇക്കുറി ഭരണമാറ്റം വേണ്ടെന്ന ജനവിധിയുണ്ടാവും എന്നാണ് അവസാനഘട്ടപ്രചാരണം പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്.