കസ്റ്റംസിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ അധികാരമില്ല; വിനോദിനി ഹാജരാകില്ല
കൊച്ചി: ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഇന്നും കസ്റ്റംസ് മുമ്പാകെ ഹാജരാകില്ല. കസ്റ്റംസിന്റെ നോട്ടീസ് ലഭിക്കാത്തതാണു കാരണം.
മുമ്പു രണ്ടുതവണ നോട്ടീസ് അയച്ചിട്ടും വിനോദിനി ഹാജരായിരുന്നില്ല. ഇനി അറസ്റ്റ് വാറന്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്കു നീങ്ങുമെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, പ്രതികളുടെ കാര്യത്തിലല്ലാതെ അറസ്റ്റ് വാറന്റിനു കസ്റ്റംസ് ആക്ടില്‍ വ്യവസ്ഥയില്ലെന്നാണു വിനോദിനിക്കു ലഭിച്ച നിയമോപദേശം. പ്രതിയെ വിളിച്ചുവരുത്താന്‍ മാത്രമേ കസ്റ്റംസിനു അറസ്റ്റ് വാറന്റ് ഉപയോഗിക്കാന്‍ കഴിയൂ. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം പോലീസിനുള്ള അധികാരം കസ്റ്റംസിനില്ല. നിലവില്‍ വിനോദിനി പ്രതിയല്ല. വിവരങ്ങള്‍ ചോദിച്ചറിയാണു വിളിപ്പിക്കുന്നത്.
വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താന്‍ മടങ്ങിയിരുന്നു. ഇ-മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം.
അതിനാല്‍, ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എ.കെ.ജി. സെന്റര്‍ ഫ്ളാറ്റിന്റെ വിലാസത്തിലും അയച്ചു. രണ്ടും കിട്ടിയില്ലെന്നാണു വിനോദിനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ലൈഫ് മിഷന് പദ്ധതിയില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്കിയ ഐ ഫോണുകളിലൊന്ന് വിനോദിനിക്കു ലഭിച്ചത് എങ്ങനെയെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.