നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നത് ഏപ്രില്‍ നാലിന് വൈകീട്ട് ഏഴിന്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണത്തിന് സമാപനം കുറിക്കുന്നത് ഏപ്രില്‍ നാലിന് വൈകീട്ട് ഏഴിനായിരിക്കും. നേരത്തേ അഞ്ച് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകുമെന്നതിനാല്‍ പ്രചാരണസമാപനവും അഞ്ചിനായിരുന്നു. ഇത് പിന്നീട് വോട്ടെടുപ്പ് ആറ് വരെയാക്കിയപ്പോള്‍ ഒരുമണിക്കൂര്‍ കൂടി നീട്ടി.
ഇക്കുറി വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വൈകീട്ട് ഏഴിനാണ്. ഇതോടെ പ്രചാരണം സമാപിക്കുന്നതും ഞായറാഴ്ച ഏഴ് മണിയിലേക്ക് കമീഷന് നീട്ടുകയായിരുന്നു. 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം െതരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം.
നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒമ്പത് മണ്ഡലങ്ങളില്‍) വൈകീട്ട് ആറിന് പ്രചാരണം അവസാനിക്കും.
പരസ്യപ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യ കലാപരിപാടികള്‍ തുടങ്ങിയവും പാടില്ല. ടെലിവിഷനിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്താന്‍ പാടില്ല.
ഇത് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
ഇക്കാലയളവില്‍ അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.