കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടോ? അവരില്‍ പലരുടെയും പാതിമനസ്സ് രഥയാത്രയിലാണ്; ശബരിമലയല്ല മുഖ്യ പ്രശ്നമെന്നും,ആനന്ദ്
തിരുവനന്തപുരം: രാജ്യത്തുയര്‍ന്നുവരുന്ന ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് മുമ്പ് എന്താണ് നമ്മുടെ മുന്നിലുള്ള പ്രശ്നമെന്ന് തിരിച്ചറിയണമെന്ന് എഴുത്തുകാരന് ആനന്ദ്.
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഫാഷിസത്തെ പ്രതിരോധിക്കുന്നതിനു മുമ്പ് എന്താണ് നമ്മുടെ മുന്നിലുള്ള പ്രശ്നമെന്ന് നാം തിരിച്ചറിയേണ്ടേ? എവിടെയാണ് പ്രതിപക്ഷം? കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടോ? അവരില്‍ പലരുടെയും പാതിമനസ്സ് രഥയാത്രയിലാണ്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ഉണ്ടായിരുന്ന മറ്റു പാര്‍ട്ടികളും നിശബ്ദം. ബംഗാളില്‍ മമതയുടെ കാര്യം കണ്ടറിയണം,’ ആനന്ദ് പറഞ്ഞു.
ആകെയൊരു ദുഖം, ഇവിടെ ദല്‍ഹിയില്‍ ജനകീയ നിലപാടുമായി ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ ബി.ജെ.പി സ്വീകാര്യമാണെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘തുളസീദാസിന്റ ശ്ലോകങ്ങളിലൊന്നില് യജമാനനേക്കാള്‍ ശക്തനാണ് സേവകന് എന്നര്‍ഥം വരുന്നൊരു ഭാഗമുണ്ട്. ശ്രീലങ്കയിലേക്ക് കടക്കാന്‍ രാമനു പാലം കെട്ടേണ്ടി വന്നപ്പോള്‍, സേവകനായ ഹനുമാനു ചാടിക്കടക്കാന്‍ സാധിച്ചു എന്നതാണ് കവി ചൂണ്ടിക്കാട്ടിയത്. ആം ആദ്മിയുടെ മാറ്റം കണ്ടപ്പോള്‍ അതോര്മയില് വന്നു,’ ആനന്ദ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരളത്തിലെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ആനന്ദ് രംഗത്തെത്തിയത്.
പ്രതിപക്ഷം എന്ന രീതിയില്‍ കാര്യങ്ങള്‍ കൃത്യമായി അവര്‍ മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.